ശൈലജ ടീച്ചർക്ക് വിനയായത് സ്ത്രീപീഡകർക്കെതിരെ നിലപാടെടുത്തതിനാലെന്ന് സൂചന

കെ കെ ശൈലജ ടീച്ചറെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തത് സ്ത്രീ പീഡകർക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ചരിത്രം ടീച്ചർക്കുള്ളതിനാലെന്ന് സൂചന. മുഖ്യമന്ത്രി സ്ഥാനത്തേക്കുവരെ പേരു പറഞ്ഞുകേട്ടിരുന്ന ടീച്ചറെ മന്ത്രിസഭയിൽ പോലും ഉൾപ്പെടുത്താതിന്നു പിന്നിൽ ഈ പകയാണെന്നാണ് സൂചന. സ്ത്രീ പീഡന പരാതിയിൽ കണ്ണൂരിലെ പ്രമുഖനെ പുറത്താക്കാൻ ശക്തമായ നിലപാട് എടുത്ത ചരിത്രം ടീച്ചറിനുണ്ട്. അന്ന് പ്രമുഖനെ സംരക്ഷിക്കാൻ സംസ്ഥാന തലത്തിലുള്ള ഉന്നതന്മാർ കടുംപിടുത്തം പിടിച്ചപ്പോൾ ടീച്ചറുടെ വിട്ടുവീഴ്ചയില്ലാത്ത ഇടപെടലായിരുന്നു 2011 ൽ  പ്രമുഖന് പുറത്തേക്കുള്ള വഴി തെളിച്ചത്. തുടർന്ന് 2012ൽ കോഴിക്കോട് നടന്ന  ഇരുുപതാം പാർട്ടി കോൺഗ്രസിൽ അർഹതയുണ്ടായിട്ടും ടീച്ചറെ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്താതിരിക്കാൻ എതിർ പക്ഷം ശ്രമം നടത്തിയെങ്കിലും പൊളിറ്റ് ബ്യൂറോയിലെ കരുത്തയായ വനിതാ സാന്നിധ്യമായ ബൃന്ദ കാരാട്ട് ഇടപെട്ടാണ് ടീച്ചറെ കേന്ദ്രകമ്മിറ്റിയിൽ ഉൾപ്പെടുത്തിയതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. കേന്ദ്ര കമ്മിറ്റിയംഗമായതിനാൽ കഴിഞ്ഞ എൽഡിഎഫ് മന്ത്രിസഭയിൽ ടീച്ചറെ ഉൾപ്പെടുത്താതിരിക്കാൻ എതിർപക്ഷത്തിന് നിർവാഹമില്ലാതെ വരുകയായിരുന്നു.

ഇത്തവണ എംഎൽഎ സ്ഥാനാർത്ഥിത്വത്തിന് തുടർച്ചയായി രണ്ടു തവണ മസരിച്ചവരെ ഒഴിവാക്കൽ എന്ന നിബന്ധനവെച്ചെങ്കിലും  അതിൽ പെടാതിരുന്ന  ടീച്ചറെ എതിർപക്ഷത്തിന് ഒഴിവാക്കാനാവാത്ത അവസ്ഥയായിരുന്നു. എൽഡിഎഫിന് തുടർഭരണമെന്ന ചർച്ച വ്യാപകമാകാൻ തുടങ്ങിയ സമയത്ത് ഇടതുപക്ഷ അനുഭാവികൾ, പ്രത്യേകിച്ചും സ്ത്രീകൾ ശൈലജ ടീച്ചർ മുഖ്യ മന്ത്രിയായി കാണണമെന്ന് അഭിപ്രായപ്രകടനങ്ങൾ നടത്തിയിരുന്നു. ഇതിൽ എതിർപക്ഷത്തിന് അസ്വസ്ഥതയുണ്ടായിരുന്നുവെന്നാണ് സൂചനകൾ. ഇത്തവണ മന്ത്രിസ്ഥാനം കൊടുത്താൽ, വീണ്ടും തുടർ ഭരണം ലഭിക്കുന്ന അവസ്ഥ വന്നാൽ അടുത്ത എൽഡിഎഫ് സർക്കാരിൽ ടീച്ചർക്ക് മുഖ്യമന്ത്രി സ്ഥാനം കൊടുക്കാതിരിക്കാൻ ഒരു തരത്തിലും നിർവാഹമില്ലാതെ വരും. ഇതു കൂടി മുന്നിൽ കണ്ടാണ് ടീച്ചറെ എതിർപക്ഷം വെട്ടിയൊതുക്കിയതെന്നാണ് സൂചന. പാലത്തായി പീഡന കേസിൽ വീഴ്ച വരുത്തിയതിന് പൊലീസ് ഉദ്യോഗസ്ഥരെ ടീച്ചർ ശക്തമായി വിമർശിച്ചിരുന്നു. പൊലീസ് വകുപ്പിൻ്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിലപാടിൽ നിന്നും വ്യത്യസ്തമായിരുന്നു ഈ വിഷയത്തിലും ടീച്ചറുടെ നിലപാട്.

കക്ഷി രാഷ്ട്രീയത്തിനതീതമായ ജനപ്രീതിയാർജ്ജിച്ച മന്ത്രിയെന്ന സവിശേഷത കൈവരിച്ച ടീച്ചർക്ക് ഇത്തവണ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് മട്ടന്നൂരിലെ വോട്ടർമാർ നൽകിയത്. പിണറായി വിജയനക്കാൾ വലിയ ഭൂരിപക്ഷമാണ് ലഭിച്ചത്. ഇതും എതിർക്യാമ്പിൽ അസ്വസ്ഥത ഉണ്ടാക്കിയെന്നാണ് സൂചന. മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിലും എതിർപക്ഷത്തേക്കാൾ കഴിവു തെളിയിച്ചിട്ടുള്ള നേതാവാണ് ടീച്ചർ എന്നതായിരുന്നു എതിർപക്ഷത്തെ ഏറെ അലട്ടിയിരുന്നത്. പ്രത്യയശാസ്ത്ര പ്രശ്നങ്ങൾ ചർച്ചയിൽ വരുന്ന രണ്ട് പുസ്തകങ്ങൾ ടീച്ചർ പുറത്തിറക്കിയിട്ടുണ്ട്.

Share This News

0Shares
0