‘സിൽവർ ലൈൻ പദ്ധതി പുതിയ സർക്കാർ പുനപരിശോധിക്കണം’

64,941 കോടി രൂപ ചെലവിട്ടു കൊണ്ടുവരുന്ന കെ-റെയിൽ(സിൽവർ ലെയിൻ) പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ പുതുതായി അധികാരത്തിൽ എത്തുന്ന എൽഡിഎഫ് സർക്കാർ പുനപരിശോധന നടത്തണമെന്ന് കേരള പരിസ്ഥിതി ഐക്യവേദി. പദ്ധതിക്കായി വിവിധ ആഗോള ധന സഹായ സ്ഥാപനങ്ങളിൽ നിന്നും കടമെടുക്കുന്ന 64000 കോടി രൂപയുടെ ഒരു വർഷത്തെ പലിശയുടെ തുക മാത്രം ചിലവഴിച്ചാൽ പോലും ഇതിലും വേഗം തിരുവനന്തപുരത്തുനിന്നും കാസറഗോഡ് എത്താനുള്ള പദ്ധതികൾ ഉണ്ടാക്കാമെന്നിരിക്കെ അത്തരം പദ്ധതികൾ വിദഗ്ദരുമായി കൂടിയാലോചിച്ചുവേണം നടപ്പിലാക്കാൻ.
2025 ആകുമ്പോഴേക്കും ഇന്ത്യൻ റെയിൽവേ, കേരളത്തിൽ അടക്കം 50000 കോടി രൂപ വകയിരുത്തി ഇന്ത്യയിലെ മുഴുവൻ തീവണ്ടി പാതകളിലും, മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാവുന്ന തരത്തിൽ അത്യാധുനിക ഇലൿട്രോണിക്‌സ് സിഗ്നൽ സംവിധാനത്തിലേക്ക് മാറുന്നതോടെ,
കെ -റെയിൽ ഇപ്പോൾ വിഭാവനം ചെയ്യുന്ന 4 മണിക്കൂർ സമയ പരിധിയിൽ, തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ സഞ്ചരിക്കാമെന്നിരിക്കെ ഈ പദ്ധതി ഒരു ദുർവ്യയം മാത്രമായിത്തീരും. തന്നെയുമല്ല നിലവിലുള്ള റെയിൽ വികസനവുമായി പൊരുത്തപ്പെട്ടുപോകുന്ന ഗതാഗതവികസന നയമാണ്, ഭാവിയിൽ നമുക്കാവശ്യം. കെ – റെയിൽ പദ്ധതി ഇത്തരം ഭാവിസാധ്യതകളെയെല്ലാം ഇല്ലാതാക്കും. കേരളത്തിലെ നാല് വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള ആഭ്യന്തര വിമാന സർവീസ് കൊണ്ടുവന്നാൽ അത്യാവശ്യക്കാർക്ക് ചുരുണ്ടിയ സമയം കൊണ്ട് തെക്കുവടക്കു യാത്ര സാധ്യമാകുന്നതാണ്.
ബദൽ മാർഗ്ഗ നിർദേശങ്ങൾ ഈ രംഗത്തെ വിദഗ്ദരുമായി ആലോചിച്ചു നടപ്പിലാക്കാൻ സർക്കാർ തയ്യാറാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

529.45 കിലോമീറ്റർ ദൂരത്തിൽ കേരളത്തെ നെടുകെ പിളർന്ന് നിർമ്മാണം നടത്തുന്നതിലൂടെ നിലവിലെ കൃഷിഭൂമിയും തണ്ണീർത്തടങ്ങളും ഇനിയും നശിപ്പിക്കപ്പെടും. നിർമ്മാണത്തിനായി പശ്ചിമഘട്ടത്തിലെ അവശേഷിക്കുന്ന മലകൾ കൂടി വടിച്ചെടുക്കും. ഇപ്പോൾ തന്നെ പ്രളയവും വരൾച്ചയും വൻദുരന്തങ്ങൾ വരുത്തുന്ന കേരളത്തിന് കെ – റെയിൽ പദ്ധതി തടയാനാവാത്ത പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കും. മഹാപ്രളയവും പ്രകൃതി ദുരന്തങ്ങളും നമ്മോടു പറയുന്നത് നിലവിലുള്ള വികസന നയങ്ങൾക്കു പകരം സുസ്ഥിര വികസന മാർഗ്ഗങ്ങൾ തേടണമെന്നാണ്. മാത്രമല്ല കേരളത്തിന്റെ ഇപ്പോഴത്തെ ദയനീയമായ സാമ്പത്തിക അവസ്ഥയും നാം കണക്കിലെടുക്കണം. വിദേശ വായ്പ വഴി വരുന്ന കെ – റെയിൽ പോലെ വികസനപദ്ധതികൾ സാമ്പത്തികമായും സാമൂഹികമായും പാരിസ്ഥിതികമായും നമ്മെ തകർക്കുന്നതാണ്.

പദ്ധതി വരുന്നതോടെ ആയിരക്കണക്കിനു കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കപ്പെടുക. കോവിഡുകാലം വരുത്തി വെച്ച സാമ്പത്തിക ക്ലേശങ്ങളിൽ ജനം നട്ടം തിരിയുമ്പോൾ ഇത്തരം കൂട്ടക്കുടിയൊഴിക്കലുകൾ വലിയ സാമൂഹ്യ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഇപ്രകാരം എല്ലാവിധത്തിലും തിരിച്ചടിയായി മാറുന്ന സിൽവർ ലൈൻ പദ്ധതി സർക്കാർ ഉപേക്ഷിക്കുകയാണ് വേണ്ടത്. പകരം നിലവിലുള്ള റെയിൽ ഗതാഗതം കാലാനുസൃതമായി പരിഷ്ക്കരിക്കുന്നതും അതുമായി കൂട്ടിച്ചേർക്കുന്നതും വൈവിധ്യപൂർണ്ണവുമായ സുസ്ഥിര പദ്ധതികളിലാണ് പുതിയ സർക്കാർ ശ്രദ്ധ കൊടുക്കേണ്ടതെന്നും കേരള പരിസ്ഥിതി ഐക്യ വേദി ഭാരവാഹികളായ പ്രൊഫ. എം കെ പ്രസാദ്, ഡോ. വി എസ്‌ വിജയൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

Share This News

0Shares
0