ഏഷ്യാനെറ്റ് ന്യൂസിനെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് വിലക്കി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പാർട്ടി തീരുമാനപ്രകാരമാണ് നടപടിയെന്നും കേന്ദ്രമന്ത്രിയാണെങ്കിലും പാര്‍ടി തീരുമാനം താന്‍ പാലിക്കുമെന്നുമാണ് മുരളീധരൻ്റെ ന്യായീകരണം. മന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ അറിയിക്കുന്ന വാട്‌സപ്പ് ഗ്രൂപ്പില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ പുറത്താക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ബുധനാഴ്ച മുരളീധരന്‍ നടത്തിയ വാര്‍ത്താസമ്മേളനം സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധികൾക്ക് അറിയിപ്പ് ലഭിച്ചിരുന്നില്ല. ഏഷ്യാനെറ്റ് ന്യൂസിനെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുപ്പിക്കാത്തതിനേക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി മുരളീധരന്‍ പറഞ്ഞത് ഇങ്ങനെ: “ഏഷ്യാനെറ്റ് ന്യൂസിനോട് ബിജെപി കേരളഘടകം നിസഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്, താന്‍ ബിജെപി നേതാവാണ്, അതുകൊണ്ട് ആ ചാനലിന് വാര്‍ത്താസമ്മേളനത്തില്‍ ഇടം നല്‍കുന്നില്ല.”
മുരളീധരന്റെ വിലക്കിനോട് ഏഷ്യാനെറ്റ് ന്യൂസ് മേധാവികളുടെ പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല. എഷ്യനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖർ കർണാടകത്തിൽനിന്നുള്ള ബിജെപി രാജ്യസഭാ എംപിയാണ്. വിലക്ക് ഭരണഘടനാവിരുദ്ധമാണെന്ന് ചാനൽ സ്ഥാപന ഉടമകളുടെ സംഘടനയായ കേരള ടെലിവിഷൻ ഫെഡറേഷൻ പ്രതികരിച്ചു. മാതൃഭൂമി ന്യൂസിൻ്റെ എം വി ശ്രേയാംസ് കുമാറും ജീവൻ ടിവിയുടെ ബേബി മാത്യു സോമതീരവുമാണ് ചാനൽ ഉടമകളുടെ സംഘടനാ ഭാരവാഹികൾ എന്ന നിലയിൽ പ്രതികരിച്ചത്. ജോൺ ബ്രിട്ടാസ് എം പി യും കേന്ദ്രമന്ത്രിയുടെ നിലപാടിനെ വിമർശിച്ച് രംഗത്തുവന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിന് പിന്നാലെ ബംഗാളിൽ ബിജെപി പ്രവർത്തകർക്കെതിരെ തൃണമൂൽ കോൺഗ്രസ് നടത്തുന്ന ആക്രമണം റിപ്പോർട്ടു ചെയ്യാൻ വിസമ്മതിച്ചുവെന്നും തിരുവനന്തപുരത്തെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ഇതു സംബന്ധിച്ച് നല്‍കിയ മറുപടി അപമാനകരമാണെന്നും കാട്ടി ബിജെപി വ്യാപകമായ ക്യാമ്പയിന്‍ നടത്തിയിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ പരസ്യമായി മാപ്പുപറയാന്‍ ഏഷ്യനെറ്റ് ന്യൂസ് ചാനല്‍ തയ്യാറായി. റിപ്പോർട്ടും മാപ്പു പറയുകയുണ്ടായി.
തുടർന്നും ചാനലുമായി ബിജെപി നിസഹകരണം തുടരുന്നത് കൂടുതൽ സമ്മർദ്ദം ചെലുത്തി റിപ്പോർട്ടർക്കെതിരെ കടുത്ത നടപടി എടുപ്പിക്കാനാണെന്നാണ് സൂചന.