രാജ്യത്ത് ഇതുവരെ 2768 ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് കൊവിഡ് ബാധിച്ചതായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. 106 ഹൈക്കോടതി ജഡ്ജിമാര്‍ക്കും രോഗം സ്ഥിരീകരിച്ചു. മൂന്ന് ഹൈക്കോടതി ജഡ്ജിമാരും 34 ജുഡീഷ്യല്‍ ഓഫീസര്‍മാരും മരിച്ചു. ഇതുവരെ 800 സുപ്രിംകോടതി ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്നും മൂന്ന് ഉദ്യോഗസ്ഥര്‍ മരിച്ചുവെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. കൊവിഡ് ആരംഭിച്ച സമയം മുതലുള്ള കണക്കാണ് ചീഫ് ജസ്റ്റിസ് പുറത്തുവിട്ടത്.
അതേസമയം സുപ്രിംകോടതി നടപടികള്‍ തത്സമയ സംപ്രേഷണത്തിലേക്കെന്ന സൂചനയും അദ്ദേഹം നല്‍കി. പരീക്ഷണാടിസ്ഥാനത്തില്‍ കോടതി നടപടികള്‍ തത്സമയം കാണിക്കുന്നത് ആലോചനയിലാണ്. ഇക്കാര്യത്തില്‍ സഹ ജഡ്ജിമാരുമായി കൂടിയാലോചന നടത്തുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
സുപ്രിംകോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ആപ്ലിക്കേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചീഫ് ജസ്റ്റിസ്. ആപ്ലിക്കേഷന്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി നടപടികള്‍ നേരില്‍ കണ്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയും.