അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയാണ് അതിതീവ്ര മഴയെന്ന് വിളിക്കുന്നത്. ഇത്തരത്തിലുള്ള മഴ അതീവ അപകടകാരിയാണ്. റെഡ് അലേർട്ട് എന്നത് ഏറ്റവും ഉയർന്ന അലേർട്ട് ആണ്.
മെയ് 14 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട. ജില്ലകളിലും മെയ് 15 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ന്യൂനമർദം ചുഴലിക്കാറ്റായി മാറുകയും കേരള തീരത്തിനടുത്ത് കൂടി കടന്ന് പോവുകയും ചെയ്യാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ വ്യപകമായി ശക്തമായ കാറ്റും മഴയും കടൽക്ഷോഭവും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ സർക്കാർ സംവിധാനങ്ങൾ നൽകുന്ന മുന്നറിയിപ്പുകളോടും സുരക്ഷാ സൗകര്യങ്ങളോടും സഹകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.