തോൽവിയിൽ വൈകാരിക പ്രതികരണവുമായി മൂവാറ്റുപുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥി

എതിർ പാളയത്തിലുള്ളവർ മാത്രമല്ല തൻ്റെ തോൽവിക്ക് കാരണമായതെന്ന വിമർശനവുമായി മൂവാറ്റുപുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിങ് എംഎൽഎയുമായിരുന്ന എൽദോ എബ്രഹാം. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് സിപിഐ നേതാവുകൂടിയായ എൽദോ എബ്രഹാമിൻ്റെ വിമർശനം. കുറിപ്പിൻ്റെ പൂർണ രൂപം ഇങ്ങനെ:
“എന്നും എക്കാലവും മൂവാറ്റുപുഴയുടെ നൻമയ്ക്ക് ഒപ്പം ഉണ്ടാകും. കഴിഞ്ഞ 5 വർഷം നാട് ഏല്പിച്ച ഉത്തരവാദിത്വം കൃത്യമായി നിർവ്വഹിക്കാൻ സാധിച്ചു. സഹകരിച്ച ഒപ്പം നിന്ന എല്ലാവരോടും നന്ദി അറിയിക്കുന്നു. അഴിമതിയില്ലാതെ മൂവാറ്റുപുഴയെ മുന്നോട്ട് നയിച്ചു. എം. എൽ. എ ഓഫീസ് വഴി 61000 ആളുകൾക്ക് വിവിധ സേവനങ്ങൾ നൽകി. കക്ഷിരാഷ്ട്രീയത്തിനും ജാതിമത ചിന്തകൾക്കും എല്ലാം അതീതമായി. പ്രവർത്തിക്കാൻ കഴിഞ്ഞു. കോവിഡും പ്രളയവും സൃഷ്ടിച്ച പ്രതിസന്ധികളെ അതിജീവിച്ച നാടാണ് നമ്മുടേത്. ജില്ലയിൽ ഏറ്റവും കൂടുതൽ പദ്ധതികൾക്ക് അനുമതി വാങ്ങിയ കേന്ദ്രം ആയി മൂവാറ്റുപുഴയെ മാറ്റാൻ സാധിച്ചു.

തെരഞ്ഞെടുപ്പിൽ സമൂഹ മാധ്യമങ്ങൾ വഴിയും, പത്രവാർത്തകൾ വഴിയും, പണക്കൊഴുപ്പുകൊണ്ടും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നതിൽ എതിർപക്ഷത്തുള്ളവർ വിജയിച്ചു. കിഫ്ബിയെ എതിർക്കുന്നവർക്ക് മൂവാറ്റുപുഴയിൽ ഇനി നടപ്പാക്കേണ്ടിവരുന്നതും LDF സർക്കാരിൽ നിന്ന് അനുവദിക്കപ്പെട്ട പദ്ധതികൾ തന്നെയാണ്. 1000 കോടി രൂപയുടെ വികസനത്തെകുറിച്ച് പറഞ്ഞപ്പോൾ പുച്ഛിച്ചവർക്ക് കാലം മറുപടി നൽകും.
LDF പ്രവർത്തകരും, അഭ്യുദയകാംക്ഷികളുമായ ആയിരക്കണക്കിനാളുകൾ രാവും പകലും അധ്വാനിച്ചെങ്കിലും തല്പരകക്ഷികൾ വിജയിച്ചു. സാങ്കേതികമായ ഈ വിജയം നാടിന്റെ വികസന സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുന്നതിലേക്ക് എത്തുമെന്ന് ഞാൻ കരുതുന്നില്ല.

ആയിരക്കണക്കിന് പാവങ്ങളുടെ വേദനകൾ മനസിലാക്കി കഴിഞ്ഞ 25 വർഷക്കാലം പ്രവർത്തിക്കാൻ കഴിഞ്ഞു.
“ഫോൺ എടുക്കുന്നില്ല, കൈ ഉയർത്തുന്നില്ല, കാറിൽനിന്ന് ഇറങ്ങുന്നില്ല, നാട്ടിൽ കാൺമാനില്ല,വലിയ സമ്പന്നനായി മാറി ,പഴയ പായിപ്രയുടെ എൽദോ അല്ല എന്നെല്ലാം ഉള്ള പ്രചരണം എതിർ പാളയത്തിൽ നിന്നു മാത്രമല്ല സ്വന്തം കൂടപ്പിറപ്പുകളും, സുഹൃത്തുക്കളും, നാട്ടിലെ പ്രിയപ്പെട്ടവരും അറിഞ്ഞോ അറിയാതെയോ പ്രചരിപ്പിച്ചത് തീ പോലെ പടർന്നു. ഇവർ ആരോടും വിരോധമോ, വിദ്വേഷമോ ഇല്ല. സ്നേഹം മാത്രം. ഒരു കാര്യം മാത്രം എൽദോ എബ്രഹാമിന് മാറാൻ അറിയില്ല.

ജീവിതത്തിൽ നാളിതുവരെ പൊതുപ്രവർത്തകൻ എന്ന നിലയിൽ ഒരു പ്രതിഫലവും ആരോടും കൈപ്പറ്റിയിട്ടില്ല. 50 പൈസ വാങ്ങി എന്ന് ഒരു ആക്ഷേപം ഉന്നയിക്കാൻ രാഷ്ടീയശത്രുക്കൾക്ക് പോലും ഇടം നൽകാതെ സംശുദ്ധ പൊതുപ്രവർത്തനം നടത്താൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യമാണുള്ളത്. നൻമ മാത്രം ചെയ്യാൻ ശ്രമിച്ചു, അതിന് കാരണം കമ്മ്യൂണിസ്റ്റ് പാർട്ടി പഠിപ്പിച്ച നല്ല പാഠങ്ങൾ ആണ്. 2016-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കുമ്പോൾ സ്വന്തം പേരിൽ ഉണ്ടായിരുന്നത് KL-17-H 7626 ബൈക്ക് മാത്രം. രണ്ട് തെരഞ്ഞെടുപ്പ് മൽസരം കഴിഞ്ഞ് ജനങ്ങളിലേക്ക് വീണ്ടും ഇറങ്ങുമ്പോൾ ഇനിയവശേഷിക്കുന്നത് ധനകാര്യ സ്ഥാപനങ്ങളിലെയും,സുഹൃത്തുക്കളുടെ പക്കൽനിന്നുള്ള വായ്പതുകയുടെ പട്ടിക അടങ്ങുന്ന ഡയറിയും,പഴയ ആ ബൈക്കുമാണ്. വാസ്തവത്തിൽ അഭിമാനമാണ്. ജനങ്ങൾ വീട്ടിലിരുത്തിയ ജനവിധി സ്നേഹപൂർവ്വം അംഗീകരിക്കുന്നു. വിശ്രമമില്ലാതെ ഓടിയവർഷങ്ങൾക്ക് ഒരുപരിധിവരെ വിരാമം. രാവുംപകലും, തണുപ്പുംചൂടും വ്യത്യാസമില്ലാതെ ഒരു വ്യാഴവട്ടക്കാലം നാടിന് വേണ്ടി യാത്രചെയ്തു. കൂടെ നിന്ന എല്ലാവർക്കും ഹൃദയത്തോട് ചേർത്ത് നന്ദി. നാടിന്റെ പൊതുതാല്പര്യത്തിന് ഇനിയും നിങ്ങളുടെ സ്വന്തം എൽദോ എബ്രഹാം ഒപ്പമുണ്ടാകും. എന്റെ സമ്പാദ്യം നിങ്ങൾ ഓരോരുത്തരും നൽകിയ സ്നേഹമാണ്. അത് ഹൃദയത്തിൽ ജീവിതാന്ത്യംവരെ കാത്തുസൂക്ഷിക്കും.”

Share This News

0Shares
0