അഫ്ഗാൻ പെൺപള്ളിക്കൂടത്തിനു സമീപത്തെ സ്ഫോടന പരമ്പര: കൊല്ലപ്പെട്ടവരുടെ എണ്ണം 50 അയി ഉയർന്നു

അഫ്ഗാനിസ്ഥാൻ്റെ തലസ്ഥാനമായ കാബൂളിലെ പെൺപള്ളിക്കൂടത്തിന് സമീപം നടന്ന സ്ഫോടന പരമ്പരയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി. നൂറിലേറെ പേർക്ക് പരിക്കുപറ്റിയിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് ഷിയാ വിഭാഗക്കാർ താമസിക്കുന്ന പ്രദേശത്തെ പെൺപള്ളിക്കൂടത്തിന് സമീപം സ്ഫോടനം ഉണ്ടായത്. ആദ്യ സ്ഫോടനത്തിൽ പെൺകുട്ടികൾ ചിതറി ഓടിയപ്പോൾ രണ്ടു സ്ഫോടനം കൂടി നടന്നു. കൊല്ലപ്പെട്ടവരിൽ 12 നും 20നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ് കൂടുതലും. സ്ഫോടനത്തിൻ്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. താലിബാനാണ് ആക്രമണത്തിന് പിന്നിലെന്ന് അഫ്ഗാൻ സർക്കാർ കുറ്റപ്പെടുത്തി. ഷിയാ വിഭാഗങ്ങൾ താമസിക്കുന്ന ഈ പ്രദേശത്ത് നേരത്തെയും സ്ഫോടനങ്ങൾ നടന്നിട്ടുണ്ട്. കഴിഞ്ഞ വർഷം മെയ് അവസാനം ഈ പ്രദേശത്തെ ഒരാശുപത്രിയിൽ നടത്തിയ വെടിവെപ്പിൽ 16 അമ്മമാർ ഉൾപ്പടെ 25 പേർ കൊല്ലപ്പെട്ടിരുന്നതായി പാക് മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്യുന്നു. ഒക്ടോബറിൽ ഒരു ട്യൂഷൻ സെൻ്ററിനു നേരെ നടന്ന ചാവേർ ബോംബാക്രമണത്തിൽ 18 പേരും കൊല്ലപ്പെട്ടിരുന്നു. തുടർച്ചയായ ഈ അക്രമണങ്ങൾ അഫ്ഗാനിലെ വംശീയ ന്യൂനപക്ഷമായ ഷിയാ ഹസാരാ വിഭാഗത്തിനു നേരെ നടക്കുന്ന വംശഹത്യയുടെ ഭാഗമാണെന്ന് ആരോപണം ഉണ്ട്.

Share This News

0Shares
0