മഹാരാഷ്ട്രയിലെ പൂനെയിൽ ഒരു കല്യാണത്തിന് വരനും താലിമാല. പൂനെ സ്വദേശിയായ ശാർദ്ദൂൽ കദം എന്ന യുവാവാണ് വേറിട്ട വിവാഹവുമായി സമൂഹമാധ്യമങ്ങളിൽ വൈറലായത്. കോളേജിൽ സഹപാഠിയായിരുന്ന തനൂജ എന്ന യുവതിയുമായി കഴിഞ്ഞ സെപ്തംബറിലായിരുന്നു ശാർദ്ദൂലിൻ്റെ വിവാഹം. എന്നാൽ വേറിട്ട ഈ വിവാഹ ചടങ്ങിനേക്കുറിച്ച് ശാർദ്ദൂൽ ഒരു അഭിമുഖം നൽകിയതോടെയാണ് സംഭവം സമൂഹമാധ്യമങ്ങളാകെ ഏറ്റെടുത്തത്. ദാമ്പത്യ ബന്ധത്തിലെ തുല്യത എന്ന അശയത്തിൻ്റെ അടിസ്ഥാനത്തിലാണ് താലിയണിയാൻ താൻ തയ്യാറായതെന്നും താൻ തന്നെയാണ് വധുവിനോട് ഇക്കാര്യം ആവശ്യപ്പെട്ടതെന്നുമാണ് ശാർദ്ദൂൽ വിശദീകരിച്ചത്. എന്നാൽ ശാർദ്ദൂലിനെതിരെ നിശിതമായ പരിഹാസമാണ് സമൂഹമാധ്യമങ്ങളിലൂടെ നടന്നത്. സാരി ധരിച്ചുകൂടായിരുന്നോ എന്ന രീതിയിലുള്ള പരിഹാസങ്ങൾ ലിബറൽ എന്ന കരുതിയ ഇടങ്ങളിൽ നിന്നുവരെ ഉണ്ടായതായി ശാർദ്ദൂൽ പറയുന്നു.