സഹപ്രവർത്തകൻ്റെ വിരമിക്കലിന് വേറിട്ടൊരുപഹാരവുമായി കെഎസ്ഇബി ജീവനക്കാർ

സഹപ്രവർത്തകൻ്റെ വിരമിക്കലിനോടനുബന്ധിച്ച് മാതൃകാപരമായൊരു ഉപഹാരം നൽകി കെഎസ്ഇബി ജീവനക്കാർ. നിർധനയായൊരു വയോധികയുടെ വീട് വിരമിക്കുന്ന സഹപ്രവർത്തകൻ്റെ അഭ്യർത്ഥനമാനിച്ച് വൈദ്യുതീകരിച്ച് നൽകിയാണ് കെ എസ്ഇബി ജീവനക്കാർ വേറിട്ടൊരുപഹാര സമർപ്പണം നിർവഹിച്ചത്. ഇതേക്കുറിച്ച് കെഎസ്ഇബിയുടെ ഫേസ് ബുക്ക് പോസ്റ്റിൽ വിശദീകരിച്ചിരിക്കുന്നത് ഇങ്ങനെ:

“സാധാരണയായി സർവീസിൽ നിന്നും വിരമിക്കുമ്പോൾ സഹപ്രവർത്തകർ വിരമിക്കുന്നയാൾക്ക് ഉപഹാരസമർപ്പണവും, മറ്റു ചടങ്ങുകളും നടത്താറുണ്ട്… എന്നാൽ റിട്ടയർമെൻ്റ് പരിപാടികളുടെ ആലോചനാ സമയത്ത് തന്നെ ശ്രീ.സാബു (സീനിയർ സൂപ്രണ്ട്, വെള്ളൂർ സെക്ഷൻ ) അങ്ങനെയുള്ള ഒരു ചടങ്ങിനും തനിക്ക് താല്പര്യം ഇല്ല എന്ന് തീർത്തു പറഞ്ഞു. കൂടാതെ “ആ ചിലവാക്കുന്ന തുക ആർക്കെങ്കിലും ഉപകാരപ്പെടുന്ന രീതിയിൽ ആയാൽ നല്ലത്” എന്നും സംസാര മദ്ധ്യേ പറയുകയുണ്ടായി..ആ അഭിപ്രായ പ്രകാരമാണ് വെള്ളൂർ സെക്ഷനിലെ ജീവനക്കാർ തവിടിശ്ശേരിയിൽ ഇതു വരെ വൈദ്യുതീകരിക്കാത്ത വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായ അമ്മക്ക് വൈദ്യുതി എത്തിച്ചു കൊടുക്കാം എന്ന തീരുമാനം എടുത്തത്.

പിന്നീടെല്ലാം പെട്ടെന്നായിരുന്നു. വീട്ടിലേക്കുള്ള വയറിങ്ങും ബാക്കി കാര്യങ്ങളും എല്ലാം ഏർപ്പാടാക്കി. റിട്ടയർ ചെയ്യുന്നതിൻ്റെ തൊട്ട് തലേ ദിവസം ശ്രീ.സാബു തന്നെ സ്വിച്ച് ഓൺ നിർവ്വഹിച്ചുകൊണ്ട് ആ വീട്ടിൽ പ്രകാശം പരന്നു. കോവിഡ് മാനദണ്ഡം അനുസരിച്ചു കൊണ്ട്, സ്ഥലത്തെ വാർഡ്‌ മെമ്പറും, കുറച്ചു ജീവനക്കാരുടെയും സാന്നിധ്യത്തിൽ.’

Share This News

0Shares
0