തിരഞ്ഞെടുപ്പ് ഫലം ഉടനറിയാം വിരൽതുമ്പിൽ

മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും നിയമസഭാ തിരഞ്ഞെടുപ്പ് ഫലമറിയാൻ വിപുലമായ സൗകര്യങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. കമ്മീഷന്റെ വെബ്‌സൈറ്റായ https://results.eci.gov.in/ ൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.
കമ്മീഷന്റെ ‘വോട്ടർ ഹെൽപ്‌ലൈൻ ആപ്പി’ലൂടെയും ഫലം അറിയാം. ആപ്പ് ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
ഇതിനുപുറമേ, മാധ്യമങ്ങൾ ജില്ലാ കേന്ദ്രങ്ങളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സജ്ജീകരിച്ച മീഡിയ സെൻററുകളിൽ ‘ട്രെൻറ് ടിവി’ വഴിയും വോട്ടെണ്ണൽ പുരോഗതിയും ഫലവും അറിയാം. മാധ്യമങ്ങൾക്ക് സംസ്ഥാനതലത്തിൽ ഐ.പി.ആർ.ഡി സജ്ജീകരിച്ച മീഡിയാ സെൻറർ വഴിയും ഫലം അറിയാം.
വോട്ടെണ്ണൽ സമയത്ത് വോട്ടെണ്ണൽ പുരോഗതി സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിന് തടസ്സമുണ്ടാകാതിരിക്കാൻ എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും 8 എം.പി.ബി.എസ് ഡെഡിക്കേറ്റഡ് ലീസ്ഡ് ലൈൻ ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ സേവനദാതാക്കളുടെ ബാക്കപ്പ് ലീസ്ഡ് ലൈനുകളും സജ്ജമാണ്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ആവശ്യമായ ജനറേറ്റർ, യു.പി.എസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Share This News

0Shares
0