തൃശൂർ കൊടകരയിലെ കുഴൽപ്പണ കവർച്ചാക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി പൊലീസ്. കേസിലെ പരാതിക്കാരനായ കോഴിക്കോട്ടെ അബ്കാരി ധർമരാജന് ആർഎസ്എസ് ബന്ധമുണ്ടെന്ന് തൃശൂർ എസ്പി ജി പൂങ്കുഴലി മാധ്യമങ്ങളോട് പറഞ്ഞു. ധർമരാജൻ ആർഎസ്എസുകാരനാണെന്നും ഇയാൾക്ക് പണം നൽകിയവരെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും എസ്പി പറഞ്ഞു. പ്രതികളിൽനിന്ന് കണ്ടെടുത്ത പണം പരാതിയിൽ പറഞ്ഞതിനേക്കാൾ കൂടുതലുണ്ട്. അതിനാൽ എത്രരൂപയാണ് യഥാർത്ഥത്തിൽ തട്ടിയെടുത്തതെന്ന കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്. ധർമരാജന് എവിടെനിന്നാണ് പണം ലഭിച്ചതെന്ന കാര്യത്തിലും വ്യക്തത വരണം. കൂടുതൽപേരെ ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണെന്നും എസ്പി പറഞ്ഞു.
കോഴിക്കോട്ടെ അബ്കാരിയായ ധർമരാജൻ കൊടുത്തുവിട്ട 25 ലക്ഷം രൂപ കൊടകരയിൽ വ്യാജ വാഹനാപകടം സൃഷ്ടിച്ച് തട്ടിയെടുത്തെന്നായിരുന്നു പരാതി. ധർമരാജനും ഡ്രൈവർ ഷംജീറുമാണ് സംഭവത്തിൽ പരാതി നൽകിയത്. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കാറിൽ മൂന്നരക്കോടി രൂപ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. സംഭവത്തിൽ ഏഴുപേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു. അഞ്ച് പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്.