തിരഞ്ഞെടുപ്പിന്റെ തൊട്ട് മുൻപുള്ള ദിവങ്ങളിൽ ചെലവഴിക്കാൻ മൂന്നരക്കോടിയുടെ കുഴൽപ്പണം ബിജെപി കടത്തിയതിലും തുടർന്നുണ്ടായ കവർച്ചയിലും സമഗ്രമായ അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഭൂമി ഇടപാടിനായി എറണാകുളത്തേക്ക് കാറിൽ കൊണ്ടുപോകുകയായിരുന്ന 25 ലക്ഷം രൂപയും കാറും തട്ടിയെടുത്തെന്ന പരാതിയിൽമേലുള്ള അന്വേഷണമാണ് ഇപ്പോൾ മൂന്നരക്കോടി രൂപയുടെ കള്ളപ്പണത്തിൽ എത്തിനിൽക്കുന്നത്. കർണ്ണാടകയിൽ നിന്നും വന്നെന്ന് കരുതപ്പെടുന്ന കുഴൽപ്പണം ഏപ്രിൽ 3 ന് നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടായ അന്വേഷണത്തിൽ തുക മൂന്നരക്കോടി രൂപയാണെന്നും പരാതിയിൽ പറഞ്ഞിരിക്കുന്ന തുക തെറ്റാണെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. സംഭവത്തിന്റെ തലേന്നു രാത്രി തന്നെ പണവുമായി വാഹനം തൃശൂരിലെത്തിയിരുന്നു. യാത്ര പുലർച്ചയിലേക്ക് ക്രമീകരിച്ചതിന് പിന്നിൽ തട്ടിക്കൊണ്ട് പോകൽ പദ്ധതി ഏകോപിപ്പിക്കാൻ വേണ്ടിയാണെന്നും പുറത്തുവരുന്നു. കുഴൽപ്പണം കടത്തുകയും ഒപ്പം ആ പണം തട്ടിയെടുക്കുന്നതും അതേ പാർടിക്കാർ തന്നെ. മോഷണം നടന്ന് 15 മിനിറ്റിനുള്ളിൽ ബിജെപിയുടെ ജില്ലാകമ്മിറ്റിയിലെ പ്രമുഖൻ സ്ഥലത്തെത്തിയെന്ന വിവരം അങ്ങേയറ്റം ഗൗരവമുള്ളതാണ്.
എറണാകുളത്തേക്ക് മാത്രം കൊടുത്തുവിട്ട കുഴൽപ്പണത്തിൻ്റെ കണക്ക് 3.5 കോടിയിലേറെ തുകയാണെങ്കിൽ, സംസ്ഥാനമൊട്ടാകെ എത്രയധികം കള്ളപ്പണം ബിജെപി ഒഴുക്കിക്കാണും. കവർച്ച നടന്നതിനാൽ മാത്രം പുറത്തുവന്ന ഈ കുഴൽപ്പണക്കടത്തിന്മേൽ കൂടുതൽ അന്വേഷണം ആവശ്യമാണ്. കുഴൽപ്പണകടത്ത് സംഘത്തിന്റെ ഭാഗമായി ബിജെപി നേതാക്കൾ മാറിയിരിക്കുന്നു. ദേശീയ പാർടിയായ ബിജെപി തിരഞ്ഞെടുപ്പിന് വേണ്ടി കടത്തിയ ബാക്കി കുഴൽപ്പണത്തിൻ്റെ കണക്കുകൾ അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതാണ്. ഇതിന്മേൽ ശക്തമായ അന്വേഷണം വേണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.