കോവിഡ് കേസുകൾ സുപ്രീംകോടതി ഏറ്റെടുത്തത് കേന്ദ്രത്തെ സംരക്ഷിക്കാനോ?

രാജ്യത്തെ കോവിഡ് വ്യാപനത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തത് കേന്ദ്രസർക്കാരിനെ സംരക്ഷിക്കാനോ എന്ന സംശയം ഉയരുന്നു. കേന്ദ്രത്തിന് നോട്ടീസ് അയച്ച കോടതി വെള്ളിയാഴ്ച കേസ് പരിഗണിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. കൊവിഡ് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ഓക്‌സിജന്‍, അവശ്യ മരുന്നുകള്‍ തുടങ്ങിയവയുടെ വിതരണവും വാക്‌സിനേഷന്‍ ക്രമീകരണവും എങ്ങനെയെന്നും എന്താണ് ഇവയോടുള്ള കേന്ദ്രസർക്കാരിൻ്റെ സമീപനമെന്നുമാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ ആരാഞ്ഞിട്ടുള്ളത്.ഓക്‌സിജന്‍ വിതരണം, അവശ്യ മരുന്നുകളുടെ വിതരണം, വാക്‌സിനേഷന്‍, ലോക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള അധികാരം തുടങ്ങിയ വിഷയങ്ങളിലാണ് സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്. രാജ്യത്തെ ആറു ഹൈക്കോടതികള്‍ സമാന ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതി ഇടപെടലെന്നതാണ് സുപ്രീംകോടതിയുടെ ഉദ്ദേശ ശുദ്ധിയിൽ സംശയം ഉയരുന്നത്. ഡൽഹി, അലഹബാദ് ഹൈക്കോടതികള്‍ ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്രത്തെ വിമര്‍ശിച്ചിരുന്നു. ബോംബെ, സിക്കിം, മധ്യപ്രദേശ്, കൊല്‍ക്കത്ത ഹൈക്കോടതികളും ഈ വിഷയങ്ങളിൽ ഹര്‍ജികള്‍ പരിഗണിക്കുന്നുണ്ട്. കേസുകളെല്ലാം സുപ്രീംകോടതിക്ക് വിടണമെന്നാണ് ഇപ്പോൾ നിർദ്ദേശിച്ചിരിക്കന്നത്. സമീപകാലത്ത് കേന്ദ്ര സർക്കാരിന് അനുകൂലമായാണ് പല നിർണായക വിധികളും സുപ്രീംകോടതിയിൽനിന്ന് ഉണ്ടായിട്ടുള്ളത്.

Share This News

0Shares
0