കഴിഞ്ഞ ദിവസങ്ങളിലായി ഡ്യൂട്ടിക്കിടയിൽ മദ്യപാനം, പണം ഈടാക്കി ടിക്കറ്റ് നൽകാതിരിക്കൽ , സൗജന്യ യാത്ര അനുവദിക്കൽ , മേൽ ഉദ്യോഗസ്ഥരോട് അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവങ്ങളിൽ 8 ജീവനക്കാരെ സിഎംഡി സസ്പെൻഡ് ചെയ്തു. മാവേലിക്കര ഡിപ്പോയിലെ ആർപിസി 225 നമ്പർ ഫാസറ്റ് പാസഞ്ചർ ബസ് മാവേലിക്കര എറണാകുളം സർവ്വീസ് നടത്തവേ മദ്യപിച്ച് ഡ്യൂട്ടി ചെയ്ത കണ്ടക്ടർ എസ്. സുനിൽ കുമാറിനേയും, അവധി അപേക്ഷ നിരസിച്ചതിന് പിറവം യൂണിറ്റിലെ കൺട്രോളിംഗ് ഇൻസ്പെക്ടറിനോട് അപമര്യാദയായി പെരുമാറി ദേഹോപദ്രവം ചെയ്ത സംഭവത്തിൽ പിറവം യൂണിറ്റിലെ കണ്ടക്ടർ പി.എൻ. അനിൽകുമാറിനേയും, യാത്രാക്കാരിൽ നിന്നും യാത്രാക്കൂലി ഈടാക്കിയ ശേഷം ഡെഡ് ടിക്കറ്റ് വിതരണം ചെയ്ത ചടയമംഗലം ഡിപ്പോയിലെ കണ്ടക്ടർ എൻ.സി ബാലുനിതയേയും സസ്പെൻഡ് ചെയ്തു.
സർവ്വീസ് നടത്തവേ യാത്രക്കാരനിൽ നിന്നും യാത്രാക്കൂലി ഈടാക്കുകയോ, ടിക്കറ്റ് നൽകുകയോ ചെയ്യാതെ സൗജന്യ യാത്ര അനുവദിച്ച പുനലൂർ യൂണിറ്റിലെ ഡ്രൈവർ കം കണ്ടക്ടർ സുനിൽ കുമാറിനേയും, മാസ്ക് ധരിക്കാതെ മദ്യലഹരിയിൽ തൃശ്ശൂർ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിലെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മേൽ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്ത ചിറ്റൂർ യൂണിറ്റിലെ കണ്ടക്ടർ പി. പ്രേംകുമാറിനേയും സസ്പെൻഡ് ചെയ്തു. മദ്യപിച്ച് സിഎംഡിയുടെ ഉത്തരവിന് വിരുദ്ധമായി ആലപ്പുഴ ഡിപ്പോ പരിസരത്ത് എത്തിയ കൽപ്പറ്റ ഡിപ്പോയിലെ ഡ്രൈവർ എ.പി. സന്തോഷ്, പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ സന്തോഷ് എം കർത്ത അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസറുടെ ചേമ്പറിൽ ബഹളം ഉണ്ടാക്കിയതിനും സസ്പെൻഡ് ചെയ്തു. 2018 – 19കാലയളവിൽ എടപ്പാൾ റീജിയണൽ വർക്ക് ഷോപ്പിലേക്ക് ഓഡർ പ്രകാരം നൽകിയ പെയിന്റിന് ഉള്ള തുക കടയുടമയ്ക്ക് നൽകാത്ത എടപ്പാളിലെ റീജിയണൽ വർക്ക് ഷോപ്പ് സ്റ്റോർ ഇഷ്യൂവർ ആയ സജിൻ സണ്ണിയേയും സസ്പെൻഡ് ചെയ്തായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു.