അമേരിക്കയില്‍ കറുത്തവംശക്കാരനായ ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തിൽ മുൻ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറക് ഷോവിന്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. കൊലപാതകമടക്കം പ്രതിക്കെതിരെ ചുമത്തിയ മൂന്ന് കുറ്റങ്ങളും തെളിഞ്ഞു. 75 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. ശിക്ഷ എട്ട് ആഴ്ചയ്ക്കകം വിധിക്കും.
ഫ്‌ളോയിഡിന്റെ കൊലപാതകത്തെത്തുടര്‍ന്ന് ലോകമാകെ പ്രതിഷേധം അലയടിച്ചിരുന്നു. 2020 മെയ് 25നാണ് ജോര്‍ജ് ഫ്ളോയിഡ് കൊല്ലപ്പെട്ടത്. വ്യാജ കറന്‍സി കൈയ്യില്‍ വെച്ചെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ഫ്‌ളോയിഡിനെ ചൗവിന്‍ കാല്‍മുട്ടുകൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ടൗ താവോ, ജെ അലക്സാണ്ടര്‍ കുവെങ്, തോമസ് കെ ലെയ്ന്‍ എന്നിവരാണ് കേസിലുള്‍പ്പെട്ട മറ്റ് പ്രതികള്‍. ഇവര്‍ മൂന്ന് പേരും ചേര്‍ന്നാണ് ഫ്‌ളോയിഡിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ദൃക്സാക്ഷിയായിരുന്ന ഒരു കറുത്ത വംശജൻ പൊലീസിൻ്റെ ക്രൂരത ലൈവായി വീഡിയോയിൽ ചിത്രീകരിച്ചതാണ് കേസിൽ നിർണായകമായത്. ചരിത്രത്തിലെ നാഴികക്കല്ലെന്നാണ് വാദിഭാഗം അഭിഭാഷകൻ കോടതി വിധിയേക്കുറിച്ച് പ്രതികരിച്ചത്. അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനും വൈസ് പ്രസിഡൻറ് കമലാ ഹാരിസും വിധിയെ സ്വാഗതം ചെയ്തു.