പുതിയ കോവിഡ് വാക്സിൻ നയം പാവപ്പെട്ടവരെ ശ്വാസംമുട്ടിക്കുമെന്ന് ആശങ്ക

കേന്ദ്ര സർക്കാരിൻ്റെ കോവിഡ് വാക്സിൻ നയം രാജ്യത്തെ കോടിക്കണക്കിനുവരുന്ന പാവപ്പെട്ട കുടുംബങ്ങളെ ശ്വാസംമുട്ടിക്കുമെന്ന് ആശങ്ക. ഉയർന്ന വില കാരണം വാക്‌സിൻ വാങ്ങാനാകാത്ത സാഹചര്യമുണ്ടായേക്കാമെന്നാണ് ആശങ്ക. വാക്‌സിൻ വിതരണം വർധിപ്പിക്കാതെ വിൽപ്പന ഉദാരമാക്കുന്നതും വിലനിയന്ത്രണം എടുത്തുകളയുന്നതുമാണ്‌ പുതിയ നയം. 18 വയസിനുു മുകളിലുള്ളവർക്കും വാക്സിനേഷൻ നടത്തുന്നതുമായി ബന്ധപ്പെട്ടാണ് കേന്ദ്രസർക്കാർ പുതിയ വാക്സിൻ നയം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതുവരെ സംസ്ഥാനങ്ങൾക്ക്‌ സൗജന്യമായി വാക്‌സിന്‍ നല്‍കി. ഇനിമുതൽ പൊതുവിപണിയിൽനിന്ന്‌ സംസ്ഥാനങ്ങൾ പണംകൊടുത്ത് വാങ്ങണം. വാക്‌സിന്‍ വിലയില്‍ നിയന്ത്രണമില്ല. വാക്‌സിൻ നിർമാതാക്കൾക്ക്‌ ഇഷ്ടമുള്ള വില ഈടാക്കാം. നിലവിൽ 250 രൂപ വരെയാണ് സ്വകാര്യ ആശുപത്രികളിൽ ഈടാക്കുന്നത്. കുറഞ്ഞത് നാലുപേരുള്ള ഒരു കുടുംബത്തിന് ഈ വില വച്ചു നോക്കുമ്പോൾ തന്നെ 1000 രൂപ വേണ്ടി വരും. വാക്സിൻ്റെ ലഭ്യത കുറഞ്ഞിരിക്കുന്ന അവസ്ഥയു വില നിയന്ത്രണം ഇല്ലാതായാൽ വില കൂടാനാണ് സാധ്യത. ഇതോടെ വലിയവിഭാ​ഗം ജനത വാക്സിന്‍ പ്രക്രിയക്ക് പുറത്താകും. കരിഞ്ചന്തയ്‌ക്കും പൂഴ്‌ത്തിവയ്‌പിനുംവരെ വഴിവെക്കാമെന്നും ആശങ്കയുണ്ട്.

വാക്‌സിന്‍ വാങ്ങാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക്‌ ഫണ്ട്‌ നൽകണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ബൃഹത്തായ വാക്സിന്‍യജ്ഞം എപ്പോഴും സൗജന്യവും സാർവത്രികവുമാകണം. സ്വതന്ത്ര ഇന്ത്യയുടെ പാരമ്പര്യവും അനുഭവവും അതാണ്‌. ഉത്തരവാദിത്തത്തില്‍നിന്ന്‌ ഒഴിഞ്ഞുമാറുന്നതും വിവേചനപരവും തുല്യാവസരം നിഷേധിക്കുന്നതുമായ വാക്സിന്‍നയത്തെ നിശിതമായി അപലപിക്കുന്നു. ആരോഗ്യ അടിയന്തര സാഹചര്യത്തിന്‌ പരിഹാരം കാണാന്‍ ഈ നയം സഹായകമല്ല. മഹാമാരിയുടെ വ്യാപനത്തിന്‌ വഴിവയ്ക്കുകയും ചെയ്യുമെന്നും പിബി പ്രസ്‌താവനയിൽ പറഞ്ഞു. അതേസമയം കേരളത്തിൽ ഏതുവിധേനയും വാക്സിൻ സൗജന്യമായി നൽകുമെന്ന് ഭരണകക്ഷിയുടെ മുഖപത്രമായ ദേശാഭിമാനി പത്രത്തിൻ്റെ എഡിറ്റോറിയലിൽ ഉറപ്പു പ്രകടിപ്പിച്ചിട്ടുണ്ട്.

Share This News

0Shares
0