മധ്യപ്രദേശിൽ കോവിഡിനേത്തുടർന്ന് മരണമടഞ്ഞവരുടെ മൃതദേഹഹം കൊണ്ടുപോകാൻ തയ്യാറാക്കിയ വാഹനം ബിജെപി നേതാവ് ഫ്ളാഗ് ഓഫ് ചെയ്തതായി ആരോപണം. ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് അലോക് ശർമക്കെതിരെയാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. തിങ്കളാഴ്ച ഭോപ്പാലിലായിരുന്നു ആരോപണത്തിനിടയാക്കിയ സംഭവം നടന്നത്. മൃതദേഹങ്ങൾ സംസ്കരിക്കാൻ കൊണ്ടുപോകാൻ തയ്യാറാക്കി നിർത്തിയിരുന്നപ്പോൾ അലോക് ശർമയും പാർട്ടി പ്രവർത്തകരുമെത്തി വാഹനത്തിന് മുമ്പിൽനിന്ന് ഫോട്ടോ ഷൂട്ടടക്കം നടത്തുകയും ചെയ്തതായാണ് സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നത്. നാണക്കേട് എന്നാണ് സംഭവത്തേക്കുറിച്ച് കോൺഗ്രസ് പ്രതികരിച്ചത്. ദുരന്തത്തിനിടയിലും ഫോട്ടോ ഷൂട്ടിന് അവസരം കണ്ടെത്തിയ ബിജെപി നേതാവിൻ്റെ നടപടി നാണംകെട്ടതായിപ്പോയെന്ന് കോൺഗ്രസ് വക്താവ് നരേന്ദ്ര സലൂജ സമൂഹമ മാധ്യമമായ ട്വിറ്ററിൽ കുറിച്ചു. നേരത്തെ ഇൻഡോറിൽ കോവിഡ് രോഗികൾക്കുള്ള ഓക്സിജൻ സിലിൻഡറുമായി പോയ വാഹനത്തിന് മുന്നിൽ നിന്ന് ബിജെപി മന്ത്രിയും അനുയായികളും തേങ്ങ ഉടച്ച് സമയം വൈകിപ്പിച്ചിരുന്നതായും നരേന്ദ്ര സലൂജ ആരോപിച്ചു. എന്നാൽ തങ്ങൾ വാഹനങ്ങൾ ഏർപ്പാടു ചെയ്യുക മാത്രമാണ് ഉണ്ടായതെന്നാണ് ബിജെപി നേതാക്കൾ വിമർശനങ്ങളോട് പ്രതികരിച്ചത്. 13,000 കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മധ്യപ്രദേശിൽ റിപ്പോർട്ട് ചെയ്തത്. 79 പേർ മരണപ്പെടുകയും ചെയ്തു.