ജനറൽ മോട്ടോഴ്സ് ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ 1419 തൊഴിലാളികളെ പിരിച്ചുവിട്ടുകൊണ്ട് നോട്ടീസ് നൽകി. തൊഴിലാളികൾക്കും തൊഴിലാളി സംഘടനാ ഭാരവാഹികൾക്കും കമ്പനി ഇമെയിൽ വഴിയാണ് പിരിച്ചുവിടൽ നോട്ടീസ് അയച്ചു നൽകിയത്. ലോകത്തെ മൂന്നാമത്തെ വലിയ കാർ നിർമാണ കമ്പനിയാണ് അമേരിക്ക ആസ്ഥാനമായുള്ള ജനറൽ മോട്ടോഴ്സ്. ജനറൽ മോട്ടോഴ്സിൻ്റെ ഇന്ത്യയിലെ ഉപകമ്പനിയാണ് ജനറൽ മോട്ടോഴ്സ് ഇന്ത്യ. കമ്പനിയുടെ ഓപൽ, ഷെവർലെ മോഡലുകൾ ഇന്ത്യൻ നിരത്തുകളിൽ ശ്രദ്ധേയമായിരുന്നു. കമ്പനി ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കുന്നതിൻ്റെ ഭാഗമായികൂടിയാണ് ഇന്ത്യയിൽ അവശേഷിക്കുന്ന തങ്ങളുടെ ഏക പ്ലാൻ്റായ പൂനെയിലെ താലെഗാവോൺ പ്ലാൻ്റിലെ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ടത്. കമ്പനിയുടെ നടപടി അംഗീകരിക്കില്ലെന്നാണ് ജനറൽ മോട്ടോഴ്സ് എംപ്ലോയീസ് യൂണിയൻ പ്രതികരിച്ചിട്ടുണ്ടത്. അവശ്യമായ നഷ്ട പരിഹാരം നൽകിയാണ് തൊഴിലാളികളെ പിരിച്ചുവിടുന്നതെന്നും ബന്ധപ്പെട്ട അധികൃതരിൽ നിന്നും നടപടിക്ക് അംഗീകാരം നേടിയെടുക്കുമെന്നാണ് കമ്പനി അധികൃതർ പ്രതികരിച്ചത്. കോവിഡ് പ്രതിസന്ധിയേത്തുടർന്ന് 2020 ഡിസംബർ മുതൽ പ്രവർത്തനം നിർത്തിയിരുന്നുവെന്നും ഇതിനു ശേഷവും തൊഴിലാളികൾക്ക് ശമ്പളം നൽകിയിരുന്നുവെന്നും കമ്പനി അധികൃതർ പറയുന്നു. താലെഗാവോണിനു പുറമെ ഉണ്ടായിരുന്ന കമ്പനിയുടെ മറ്റ് പ്ലാൻ്റുകൾ നേരത്തെ പ്രവർത്തനം നിർത്തിയിരുന്നു. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള കാറുകളുടെ നിർമാണമാണ് താലെഗാവോൺ പ്ലാൻ്റിൽ നടന്നുകൊണ്ടിന്നത്.