എസ്എൻസി ലാവ്ലിൻ കേസ് സുപ്രീംകോടതി ഈ മാസം 22ന് പരിഗണിക്കും. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസുമാരായ ഇന്ദിരാബാനർജിയും കെ എം ജോസഫും അംഗങ്ങളായിരിക്കും. ഊർജ്ജ വകുപ്പിലെ മുൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് നൽകിയ അപേക്ഷ പരിഗണിച്ചാണ് ഏപ്രിൽ ആറിൽനിന്ന് കേസ് മാറ്റിയത്. പ്രധാനപ്പെട്ട ചില രേഖകൾ നൽകാനുണ്ടെന്നും കേസ് മാറ്റിവെക്കണമെന്നുമായിരുന്നു എ ഫ്രാൻസിസിന്റെ ആവശ്യം. ഇനി കേസ് മാറ്റിവെയ്ക്കാൻ അഭിഭാഷകര്‍ ആവശ്യപ്പെടരുതെന്ന് സുപ്രീംകോടതി അന്ന് പറഞ്ഞിരുന്നു.
ജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദിരാബാനർജി എന്നിവരടങ്ങിയ ബെഞ്ചാണ് ഇതുവരെ കേസ് പരിഗണിച്ചതെങ്കിലും കെഎം ജോസഫ് കൂടി ഡിവിഷൻ ബെഞ്ചിൽ അംഗമായി. പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐയും ഹൈക്കോടതി വിധി വിവേചനപരമെന്ന വാദവുമായി കസ്തൂരിരങ്ക അയ്യർ ഉൾപ്പടെയുള്ള മുൻ ഉദ്യോഗസ്ഥരും നൽകിയ ഹർജികളാണ് കോടതിയുടെ പരിഗണനക്ക് എത്തിയത്.