‘മുസ്ലിങ്ങൾക്ക് പ്രവേശനമില്ലെന്ന ബോർഡ് വെച്ചതിൽ സന്തോഷം ആർഎസ്എസിനും തീവ്ര സലഫികൾക്കും’

മുസ്ലിങ്ങൾക്ക് പ്രവേശനമില്ല” എന്ന ബോർഡ് വെച്ചതിൽ മനസാ സന്തോഷിക്കുന്നവർ ആർഎസ് എസുകാരും മുസ്ലിം സമുദായത്തിലെ തീവ്ര സലഫികളുമാണെന്ന് സിപിഐ എം നേതാവ് പി ജയരാജൻ. ഫേസ്ബുക്ക്പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രസ്താവന. പോസ്റ്റിൻ്റെ പൂർണ രൂപം ഇങ്ങനെ:

കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലെ വിഷുവിളക്കിനോട നുബന്ധിച്ച് സ്ഥാപിച്ച ബോർഡ് സംബന്ധിച്ച് വിവാദമുണ്ടായിരിക്കുകയാണല്ലോ.
അവിടെ പ്രവർത്തിക്കുന്ന കമ്മറ്റിയിൽ നാനാ രാഷ്ട്രീയ അഭിപ്രായക്കാരുണ്ട്.
എന്നാലും സിപിഐ എം നിയന്ത്രണത്തിലുള്ള കാവ് കമ്മറ്റി എന്ന് പറയുന്നതിന്റെ പിന്നിലുള്ള രാഷ്ട്രീയ ദുഷ്ടലാക്ക് എല്ലാവര്ക്കും മനസിലാകും.
മഹാഭൂരിപക്ഷം ക്ഷേത്രങ്ങളിലും കാവുകളിലും എല്ലാ മതത്തിലും സമുദായത്തിൽ പെട്ടവരും ഉത്സവങ്ങളിൽ പങ്കെടുക്കാറുണ്ട്.ഉറൂസുകളിലും നേർച്ചകളിലും ഇത് തന്നെ അനുഭവം.
ശ്രീനാരായണ ഗുരു ശിലയിട്ട തലശേരി ജഗന്നാഥ ക്ഷേത്രത്തിൽ ഉത്സവ സമയങ്ങളിൽ “അഹിന്ദുക്കൾക്ക് പ്രവേശനമില്ല” എന്ന ബോർഡുണ്ടായിരുന്നു. അത് നീക്കം ചെയ്യാൻ വേണ്ടി സ്വാമി ആനന്ദ തീർത്ഥ സത്യാഗ്രഹമിരുന്നത് ചരിത്രം.ക്ഷേത്ര കമ്മറ്റി അദ്ദേഹം ഉൾപ്പടെയുള്ള ശ്രീനാരായണീയരുടെ ആവശ്യം ശ്രദ്ധയോടെ കേട്ടു.അതനുസരിച്ച് പ്രവർത്തിച്ചു. ഇപ്പോൾ അവിടെ ആ ബോർഡ് നിലവിലില്ല.
“മുസ്ലിങ്ങൾക്ക് പ്രവേശനമില്ല” എന്ന ബോർഡ് വെച്ചതിൽ മനസാ സന്തോഷിക്കുന്നവർ ആർഎസ്എസുകാരും മുസ്ലിം സമുദായത്തിലെ തീവ്ര സലഫികളും മറ്റുമാണ്.കാരണം മനുഷ്യരെ വ്യത്യസ്ത അറകളിലാക്കി മാറ്റുന്നതിലാണ് അവർക്ക് താല്പര്യം.സൗഹാർദ്ദപരമായ തീരുമാനം കൈക്കൊള്ളുമെന്ന് ഇപ്പോൾ ക്ഷേത്ര കമ്മറ്റി പ്രസ്താവിച്ചിരിക്കുകയാണ്.
ആ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.

Share This News

0Shares
0