പെട്ടിമുടിയുടെ കണ്ണീരോർമ്മയുമായി കുവിയെത്തി; പളനിയമ്മക്ക് കൂട്ടേകാൻ

പെട്ടിമുടി ഉരുള്‍പെട്ടല്‍ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പോലീസ് സേന കൂടെ കൂട്ടിയ കുവി എന്ന നായ എട്ടുമാസത്തിന് ശേഷം സ്വന്തം കുടുംബത്തിലേക്ക് തിരികെയെത്തി. ദുരന്തം നടന്ന് എട്ട് ദിവസങ്ങള്‍ക്ക് ശേഷം ഒന്നരവയസ്സുളള കളിക്കൂട്ടുകാരി ധനുഷ്കയുടെ മൃതദേഹം കിലോമീറ്ററുകള്‍ക്കപ്പുറം പുഴയില്‍ നിന്ന് കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകരെ സഹായിച്ച് ജനശ്രദ്ധ നേടിയ നായയാണ് കുവി. കുടുംബാംഗങ്ങളുടെ കൂട്ടമരണത്തിന് ശേഷം ആഹാരം കഴിക്കാതെ ഒറ്റപ്പെട്ട് വീടിന് പുറകില്‍ ചടഞ്ഞുകൂടി അവശനായിക്കിടന്നിരുന്ന നായയെ ഇടുക്കി ജില്ലാ ഡോഗ് സ്ക്വാഡിലെ പരിശീലകനും സിവില്‍ പോലീസ് ഓഫീസറുമായ അജിത് മാധവന്‍ ഏറ്റെടുത്ത് പരിപാലിച്ചു. തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശപ്രകാരം പോലീസ് ഡോഗ് സ്ക്വാഡിനൊപ്പം വളര്‍ത്തി സംരക്ഷണം നല്‍കിവരുകയായിരുന്നു. ഇടുക്കി ചെറുതോണിയിലെ ശ്വാന സംരക്ഷണ കേന്ദ്രത്തിലായിരുന്നു താമസം. ശ്വാനസേനയിലെ മറ്റ് അംഗങ്ങള്‍ക്കൊപ്പം തുല്യപ്രാധാന്യവും പരിചരണവും നല്‍കിയാണ് പോലീസ് കുവിയെ സംരക്ഷിച്ചിരുന്നത്. കുടുംബത്തിലെ ഭൂരിഭാഗം പേരെയും കവര്‍ന്ന ഉരുള്‍പൊട്ടലില്‍ ബാക്കിയായ ധനുഷ്കയുടെ മുത്തശ്ശി പളനിയമ്മയുടെ ആഗ്രഹ പ്രകാരമാണ് കുവിയെ കേരളാ പോലീസ് തിരികെ നല്‍കിയത്.

ദുരന്തത്തില്‍ ഒറ്റപ്പെട്ട് മൂന്നാര്‍ ടൗണില്‍ താമസിക്കുന്ന പളനിയമ്മ തനിക്ക് തണലാകാന്‍ കുവിയെ തിരിച്ചുകിട്ടുമോ എന്ന് അന്വേഷിച്ചിരുന്നു. ഒരു ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമത്തില്‍ ഇതു സംബന്ധിച്ചുവന്ന വാര്‍ത്ത ശ്രദ്ധയില്‍പെട്ട സംസ്ഥാന പോലീസ് മേധാവി കുവിയെ തിരികെ ബന്ധുക്കള്‍ക്ക് നല്‍കുന്ന കാര്യം പരിഗണിക്കാന്‍ ഇടുക്കി ജില്ലാ പോലീസ് മേധാവിയോട് നിര്‍ദ്ദേശിച്ചു. തുടര്‍ന്നാണ് മൂന്നാര്‍ ഡിവൈ.എസ്.പി സുരേഷ് . ആര്‍, ഇടുക്കി ഡോഗ് സ്ക്വാഡ് ഇന്‍ചാര്‍ജ്ജ് എസ്.ഐ റോയ് തോമസ് എന്നിവരടങ്ങിയ പോലീസ് സംഘം മൂന്നാറില്‍ പളനിയമ്മ താമസിക്കുന്ന വീട്ടില്‍ കുവിയെ എത്തിച്ചു നല്‍കിയത്. മറ്റ് പോലീസ് നായ്ക്കളോടൊപ്പം കൂട്ടുകൂടി കഴിഞ്ഞിരുന്നതിനാല്‍ വീടിന്‍റെ അന്തരീക്ഷവുമായി ഇണങ്ങി വരുന്നതേയുളളു.

Share This News

0Shares
0