സഞ്ജുവിനെതിരെ മോറിസിനിത് മധുരപ്രതികാരം

ക്രിസ് മോറിസിന് ഇത് ക്യാപ്റ്റൻ സഞ്ജു സാംസണെതിരായ മധുര പ്രതികാരം കൂടിയാണെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നു. പഞ്ചാബ് കിങ്സ് ഇലവണിനെതിരെ അവസാന രണ്ടു ബോളിൽ അഞ്ചു റൺസ് മതിയെന്നിരിക്കെ മോറിസിൻ്റെ റൺ വിളി നിഷേധിച്ച് ബാറ്റിങ് എൻഡിൽ നിലയുറപ്പിക്കുകയായിരുന്നു സഞ്ജു. ഒടുവിൽ അവസാന ബോളിൽ ക്യാച്ച് നൽകി സഞ്ജു പുറത്തായി കളി തോൽക്കുകയും ചെയ്തു. അതിവേഗ സെഞ്ചുറി നേടിയ സഞ്ജുവിൻ്റെ അമിത ആത്മവിശ്വാസവും മോറിസിലുള്ള വിശ്വാസക്കുറവു മാണിതെന്ന് നിശിതമായ വിമർശനങ്ങൾ ഉയർന്നിരുന്നു. റണ്ണെടുക്കാൻ ഓടിയ ഐപിഎല്ലിലെ ഏറ്റവും താരമൂല്യമേറിയ മോറിസ് സഞ്ജുവിൻ്റെ നടപടിയിൽ അപ്പോൾ തന്നെ കടുത്ത നിരാശ മുഖത്ത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ വ്യാഴാഴ്ച ഡെൽഹി ക്യാപിറ്റൽസിനെതിരെ മോറിസ് ഈ നിരാശ മധുര പ്രതികാരമായി പുറത്തെടുത്തു. സഞ്ജു വരെ പ്രതീക്ഷ കൈവിട്ട മത്സരമാണ് മോറിസിൻ്റെ ബാറ്റിങ് വെടിക്കെട്ടിലൂടെ രാജസ്ഥാൻ റോയൽസ് തിരിച്ചുപിടിച്ചത്. ലോകത്തെ ഏറ്റവും മാരക ബോളർമാരിലൊരാളായ കഗീസോ റബാഡോയ്ക്കും ടോം കറനുമെതിരെ അവസാന രണ്ടു ഓവറുകളിൽ നാലു സിക്സറുകൾ പറത്തിയാണ് മോറിസ് രാജസ്ഥാന് ജയം സമ്മാനിച്ചത്.

മോറിസ് 18 പന്തിൽ 36 റൺസ് അടിച്ചപ്പോൾ രാജസ്ഥാൻ റോയൽസ് രണ്ടു പന്തും മൂന്നു വിക്കറ്റും ബാക്കി നിൽക്കെ 149 റൺസെന്ന വിജയലക്ഷ്യം മറികടന്നു. പത്ത് ഓവർ പിന്നിട്ടപ്പോൾ 42 റൺസിന് അഞ്ചു വിക്കറ്റ് എന്ന അവസ്ഥയിലായിരുന്നു രാജസ്ഥാൻ റോയൽസ്. സഞ്ജു നാലു റൺസിന് പുറത്തായപ്പോൾ 43 പന്തിൽ 62 റൺസ് അടിച്ചെടുത്ത ഡേവിഡ് മില്ലറും 17 പന്തിൽ 19 റൺസ് അടിച്ച രാഹുൽ തെവാടിയയയും രാജസ്ഥാന് രക്ഷകരായി. മൂന്നു വിക്കറ്റ് എടുക്കുകയും ഏഴു ബോളിൽ 11 റണ്ണുമായി മോറിസിന് പിന്തുണ നൽകുകയും ചെയ്ത ഉനദ്കട്ടും രാജസ്ഥാൻ വിജയത്തിൽ പങ്കുവഹിച്ചു. സഞ്ജുവിൻ്റെ മനോഹരമായ ഒരു പറന്നുള്ള ക്യാച്ചും ശ്രദ്ധേയമായി. ഡെൽഹി ക്യാപ്പിറ്റൽസിൻ്റെ ക്യാപ്റ്റൻ ഋഷഭ് പന്തിൻ്റെ അർധ സെഞ്ചുറി വിഫലമായി.

Share This News

0Shares
0