അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ലീഗ് എംഎൽഎ കെഎം ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ ഒളിപ്പിച്ചുവച്ച രീതിയിൽ പണം കണ്ടെത്തി. ഫ്ളഷ് ടാങ്കിലും പഴയ ടിവിക്കകത്തും ഫ്രിഡ്ജിൻ്റെ അടിഭാഗത്തുമായാണ് പണം കണ്ടെത്തിയത്. വിജിലൻസ് അടുക്കളയിൽ നടത്തിയ പരിശോധനയിൽ ഫ്രിഡ്ജിന്റെ അടിഭാഗത്ത് കറുത്ത സെലോ ടേപ്പ് ചേർത്ത് ഒട്ടിച്ചനിലയിൽ 16 ലക്ഷം രൂപ ലഭിച്ചു. സ്റ്റോർറൂമിലെ പഴയ ടിവിയുടെ അകത്തുനിന്ന് 20 ലക്ഷവും കിട്ടി. ഉപയോഗിക്കാതെ കിടന്ന ബാത്ത്റൂമിലെ ഫ്ലഷ് ടാങ്കിനുള്ളിൽനിന്നാണ് 14 ലക്ഷം രൂപ കണ്ടെത്തിയത്. 2012 മുതല്‍ 2021 വരെയുളള കാലയളവില്‍ കെ എം ഷാജി അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് കാട്ടി കോഴിക്കോട് സ്വദേശി എം ആര് ഹരീഷ് നല്കിയ പരാതിയിലായിരുന്നു വിജിലന്‍സ് കേസ് എടുത്ത് പരിശോധന നടത്തിയത്. അഴീക്കോട് സ്കൂളില്‍ പ്ളസ്ടു കോഴ്സ് അനുവദിക്കാനായി 25 ലക്ഷം രൂപ കോഴ വാങ്ങിയന്ന പരാതിയെത്തുടര്‍ന്ന് നേരത്തെ എന്‍ഫോഴസ്മെന്റ് ഡയറക്ടറേറ്റും ഷാജിക്കെതിരെ കേസെടുത്തിരുന്നു.