ത്രിപുരയിൽ ഗോത്രവർഗ മേഖലയിലെ സ്വയംഭരണ ജില്ലാ കൗൺസിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാനാകാതെ ബിജെപി. 30 അംഗ കൗൺസിലിലെ 28 സീറ്റുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ പുതിയതായി രൂപംകൊണ്ട ത്രിപുര ഇൻഡിജനസ് പ്രോഗ്രസീവ് റീജിയണൽ അലയൻസാണ് ബിജെപിയുടെ പ്രതീക്ഷ തകർത്തത്. പുതിയ സഖ്യം 18 സീറ്റു നേടിയപ്പോൾ ഒമ്പതു സീറ്റു നേടാനേ ബിജെപി സഖ്യത്തിനായുള്ളൂ. ഒരു സീറ്റ് സ്വതന്ത്രനും നേടി. ഇടതുപക്ഷത്തിനും കോൺഗ്രസിനും സീറ്റൊന്നും ലഭിച്ചില്ല. രണ്ടു സീറ്റിലേക്കുള്ള പ്രതിനിധികളെ സർക്കാരിന് നാമനിർദേശം ചെയ്യാമെങ്കിലും ഗോത്രവർഗ സഖ്യത്തിന് കേവല ഭൂരിപക്ഷത്തിലധികം സീറ്റായി. 2015ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനാണ് കൗൺസിലിൽ ഭരണം ലഭിച്ചത്. എന്നാൽ 2018ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ പ്രദേശങ്ങളങ്ങുന്ന മേഖലയിലെ 20 ൽ 18 നിയമസഭാ സീറ്റും ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിനായിരുന്നു ലഭിച്ചത്. 2019 ൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച പ്രദ്യോത് കിഷോർ ദേബ് ബർമൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച സഖ്യമാണ് ത്രിപുര ഇൻഡിജനസ് പ്രോഗ്രസീവ് റീജിയണൽ അലയൻസ്. ത്രിപുരയിൽ കോൺഗ്രസ് പ്രസിഡൻ്റായിരുന്നു പ്രദ്യോത് കിഷോർ ദേബ് ബർമൻ. ത്രിപുരയിൽ തുടർച്ചയായി അധികാരത്തിലുണ്ടായിരുന്ന സിപിഐ എം നേതൃത്തിലുള്ള സർക്കാരിനെ ഭൂരിപക്ഷം വരുന്ന ഗോത്രവർഗ പിന്തുണയോടെ പരാജയപ്പെടുത്തി ഭരണത്തിലേറിയ ബിജെപിക്ക് ആ വിഭാഗങ്ങൾക്കിടയിൽ സ്വാധീനം നഷ്ടമാകുന്നുവെന്ന സൂചനയായി ഈ തെരഞ്ഞെടുപ്പ്.