ആസാം ഫോറിനേഴ്സസ് ട്രിബ്യൂണലിൻ്റെ വിധിയേത്തുടർന്ന് പൗരത്വം നഷ്ടപ്പെട്ട ആസാം സ്വദേശി ഹൈദർ അലിക്ക് പൗരത്വം തിരികെ ലഭിച്ചു. രണ്ടു വർഷത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ആസാം ഹൈക്കോടതിയാണ് ഹൈദർ അലിക്ക് പൗരത്വം പുനസ്ഥാപിച്ചു നൽകിയത്. ദേശീയ പൗരത്യ രജിസ്റ്ററിൽ (എൻആർസി) ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട മതിയായ രേഖകൾ സമർപ്പിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈദർ അലിക്ക് പൗരത്വം നിഷേധിച്ചത്. 1985ലെ ആസാം ഉടമ്പടി പ്രകാരം 1971 മാർച്ച് 25 നോ അതിനു ശേഷമാ അസാമിലേക്കു വന്നവർക്ക് പൗരത്വത്തിന് അർഹരല്ല എന്നാണ്. ഇങ്ങനെയുള്ളവർ ഉണ്ടെങ്കിൽ അവരെ ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കുമ്പോൾ ലിസ്റ്റിൽനിന്ന് ഒഴിവാക്കും. 2019 ആഗസ്റ്റിൽ ആസാമിൽ, ദേശീയ പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ചപ്പോൾ 19.06 ലക്ഷം പേരെ മതിയായ രേഖകൾ ഇല്ലെന്ന പേരിൽ ഇന്ത്യൻ പൗരത്വത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഈ പ്രക്രിയക്ക് മുന്നോടിയായി 2019 ജനുവരി 30നാണ് 35 കാരനായ ഹൈദർ അലിക്ക് ഫോറിനേഴ്സസ് ട്രിബ്യൂണൽ പൗരത്വം നിഷേധിച്ചത്. ഹൈദർ അലിയുടെ മുത്തച്ഛനും മുത്തശ്ശിയും 1965 ലെയും 1970ലെയും വോട്ടർ പട്ടികയിൽ ഉണ്ടായി തന്നിട്ടും ട്രിബ്യൂണൽ അത് പരിഗണിക്കാതെയാണ് പൗരത്വം നിഷേധിച്ചത്. ഇതുൾപ്പടെ ചൂണ്ടിക്കാട്ടി ഹൈദർ അലി ഗുവാഹത്തി ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകുകയായിരുന്നു. മാർച്ച് 30നാണ് ട്രിബ്യൂണൽ വിധി റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഹൈദർ അലിക്ക് പൗരത്വം പുനസ്ഥാപിച്ചു നൽകിയത്.