ചൈനയിൽ നിന്നുള്ള ലോക കോടീശ്വരനായ ജാക്മായ്ക്കു മേൽ പിടിമുറുക്കി ചൈനീസ് കമ്യൂണിസ്റ്റ് സർക്കാർ. ജാക്മായുടെ മുഖ്യ ഉടമസ്ഥതയിലുള്ള ലോകത്തെ ഏറ്റവും വലിയ ഓൺലൈൻ വാണിജ്യ കമ്പനിയായ ആലിബാബക്കു മേൽ ഇരുപതിനായിരം കോടി രൂപ പിഴ ചുമത്താൻ തീരുമാനമായി. ജാക്ക്മായുടെ കമ്പനി വിപണി കുത്തകയാക്കിവെക്കാൻ ശ്രമിച്ചു എന്ന കണ്ടെത്തലിനെത്തുടർന്നാണ് ഇത്രയും ഭീമമായ തുക പിഴ ഇടാക്കാൻ ഉത്തരവിട്ടിരിക്കുന്നത്. വിപണിയിൽ വ്യാപാര മത്സരം ഉണ്ടാകണമെന്ന ലക്ഷ്യത്തോടെ ചൈനീസ് കമ്യൂണിിസ്റ്റ് സർക്കാർ നടപ്പാക്കിയിട്ടുള്ള കുത്തക വിരുദ്ധ നിയമം ലംഘിച്ചുവെന്ന് സറ്റേറ്റ് മാർക്കറ്റ് റെഗുലേഷൻ അഡ്മിനിസ്ട്രേഷനാണ് കണ്ടെത്തിയത്. മറ്റു ഓൺലൈൻ വാണിജ്യ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിൽ നിന്നും വ്യാപാരികളെ ജാക്മായുടെ കമ്പനി തടഞ്ഞതായാണ് കണ്ടെത്തൽ. ചൈനയിലെ സാമ്പത്തിക രംഗത്തെ നിയന്ത്രണങ്ങളെ കമ്യൂണിസ്റ്റ് പാർട്ടി മെമ്പർ കൂടിയായ ജാക്മാ നേരത്തെ വിമർശിച്ചിരുന്നു. ഇതേത്തുടർന്ന് മൂന്നു മാസത്തോളം ജാക്മയെ പൊതുവേദിയിൽ കാണാൻ കഴിഞ്ഞിരുന്നില്ല. ജാക്മയെ ചൈനീസ് ഭരണകൂടം തടവിൽ പാർപ്പിച്ചിരിക്കുകയാണ് എന്ന ആരോപണവും വ്യാപകമായി. ജനുവരി അവസാനം ജാക്മ ഒരു വീഡിയോയിൽ പ്രത്യക്ഷപ്പെട്ടു വെങ്കിലും ജാക്മ നിലവിൽ എവിടെയാണെന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. 1999 ലാണ് ചൈനയിൽ ജാക്മാ 17 പേരെ ഒപ്പംകൂട്ടി ആലിബാബയ്ക്ക് തുടക്കമിട്ടത്. ടെക്നോളജി മേഖലയിലടക്കം വമ്പൻ ഉപകമ്പനികളും ജാക്മായ്ക്കുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ശതകോടീശ്വരൻമാരുടെ മുൻനിരയിലേക്കുള്ള ജാക്മയുടെ വളർച്ച ദ്രുതഗതിയിലായിരുന്നു.