ലാവ്ലിൻ കേസ് രണ്ടാഴ്ചത്തേക്ക് മാറ്റി

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട ലാവ്ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും നീട്ടിവച്ചു. പിണറായി വിജയനൊപ്പം കേസിലുൾപ്പെട്ട വൈദ്യുതി വകുപ്പ് മുൻ ജോയിൻ്റ് സെക്രട്ടറി എ ഫ്രാൻസിസിൻ്റെ അപേക്ഷ കണക്കിലെടുത്താണ് കേസ് പരിഗണിക്കുന്നത് കോടതി രണ്ടാഴ്ചത്തേക്കുകൂടി നീട്ടിയത്. കൂടുതൽ രേഖകൾ സമർപ്പിക്കാനുണ്ടെന്നായിരുന്നു എ ഫ്രാൻസിസ് അപേക്ഷയിൽ പറഞ്ഞത്. ഇതനുവദിച്ച കോടതി ഇനിയൊരു നീട്ടിവെക്കൽ ഉണ്ടാകില്ലെന്നും പ്രതികരിച്ചു എന്നാണ് റിപ്പോർട്ട്. കേസിൽ മുഖ്യമന്ത്രിക്കെതിരെ കോടതി എന്തെങ്കിലും പരാമർശം നടത്തിയാൽ മെയ് രണ്ടിനു നടക്കുന്ന വോട്ടെണ്ണലിനുശേഷം എൽഡിഎഫിന് തുടർഭരണം ലഭിക്കുന്ന അവസ്ഥയുണ്ടായാലും മുഖ്യമന്ത്രി പദത്തിലെത്തുക ദുഷ്കരമാകും. വെറുതെവിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധി അംഗീകരിച്ചുകൊണ്ടുള്ള നിലപാടാണ് സുപ്രീം കോടതിയും സ്വീകരിക്കുന്നതെങ്കിൽ മുഖ്യമന്ത്രിക്കത് ഇരട്ടി ആത്മവിശ്വാസം നൽകും. ഇതാണ് കേസിൻ്റെ നിലവിലെ രാഷ്ട്രീയ പ്രാധാന്യം. കേസിനാസ്പദമായ കരാറിൻ്റെ നടപടിക്രമങ്ങളുടെ കാലത്ത് സംസ്ഥാന വൈദ്യുതി മന്ത്രിയായിരുന്നു പിണറായി വിജയൻ. വൈദ്യുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന കെ മോഹനചന്ദ്രനും ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവരെ ഹൈക്കോടതി വെറുതെ വിട്ടതിനെതിരെ സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ പോവുകയായിരുന്നു. പന്നിയാർ ചെങ്കുളം, പളളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയൻ കമ്പനിയായ എസ് എൻ സി ലാവ്ലിനുമായി 1996ലെ ഇ കെ നായനാർ മന്ത്രിസഭയുടെ കാലത്ത് ഉണ്ടാക്കിയ കരാർ 86.25 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കി എന്നാണ് കേസ്.

Share This News

0Shares
0