ഏറ്റുമുട്ടൽ ആദിവാസി ഗറില്ലാ നേതാവിനായുള്ള തിരച്ചിലിനിടെ

ചത്തീസ്ഗഢിൽ ശനിയാഴ്ച
22 സുരക്ഷാ സൈനികർ കൊല്ലപ്പെടാൻ ഇടയായ സംഭവത്തിലേക്ക് നയിച്ചത് ആദിവാസി ഗറില്ലാ നേതാവ് ഹിഡ്മയെ തിരഞ്ഞുള്ള ഓപ്പറേഷനാണെന്ന് റിപ്പോർട്ടുകൾ. സുരക്ഷാ സൈനികർ മാവോയിസ്റ്റ് കമ്യൂണിസ്റ്റു പാർട്ടിയുടെ കെണിയിൽപെടുകയായിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. ഗറില്ല ദളങ്ങൾ വനമധ്യത്തിൽ കാത്തിരുന്ന് അപ്രതീക്ഷിതമായി മൂന്നു വശത്തുനിന്നും വളഞ്ഞു നിന്ന് എകെ 47 ഉൾപ്പടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. മൂന്നു മണിക്കൂറിലേറെ ഏറ്റുമുട്ടൽ നീണ്ടുവെന്നാണ് റിപ്പോർട്ടുകൾ.

ചത്തീസ്ഗഡിലെയും സമീപ സംസ്ഥാനങ്ങളിലെയും ആദിവാസി മേഖലകൾ കേന്ദ്രീകരിച്ച് സുരക്ഷാ സൈനികർക്കെതിരെ വൻതോതിലുള്ള പ്രത്യാക്രമണങ്ങൾ നടത്തിയിട്ടുള്ളത് ഹിഡ്മയുടെ നേതൃത്വത്തിലാണെന്ന് നിഗമനങ്ങൾ. ലക്ഷങ്ങൾ തലയ്ക്ക് വിലയിട്ടുള്ള ഹിഡ്മ ഗറില്ലാ പോരാട്ടത്തിൽ ഫിലിപ്പൈൻസിൽനിന്നാണ് പരിശീലനം നേടിയിട്ടുള്ളതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഗറില്ലാ പോരാട്ടത്തിലുള്ള വൈദഗ്ധ്യവും ആദിവാസി ജനതയ്ക്കിടയിലുള്ള ശക്തമായ സ്വാധീനവും ഹിഡ്മയെ കുറഞ്ഞ പ്രായത്തിനിടെ കമ്യൂണിസ്റ്റു പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റിൻ്റെ കേന്ദ്ര കമ്മിറ്റിയിൽ വരെ എത്തിച്ചു എന്നാണ് വിലയിരുത്തൽ. ഹിഡ്മയുടെ വ്യക്തതമായ ഫോട്ടോ ഇതുവരെ പുറത്തുവന്നിട്ടില്ല. 39 വയസു മാത്രം പ്രായമുള്ള ഹിഡ്മയെ അടുത്തിടെ പാർട്ടിയുടെ സെൻട്രൽ മിലിട്ടറി കമീഷൻ്റെ മേധാവിയായി തെരഞ്ഞെടുത്തുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
ഹിഡ്മക്കായി നടത്തിയ കോമ്പിങ് ഓപ്പറേഷനിടെയാണ് സുരക്ഷാ സൈന്യം ഗറില്ലാ ദളങ്ങളുടെ വളഞ്ഞിട്ടുള്ള അക്രമത്തിനിരയായത്. ഒരു സ്ത്രീ ഉൾപ്പടെ മാവോയിസ്റ്റു കമ്യൂണിസ്റ്റു പാർട്ടിയുടെ പ്രവർത്തകരും കൊല്ലപ്പെട്ടെങ്കിലും സുരക്ഷാ സൈനികർക്ക് ഇത്രയേറെ ആഘാതം ഉണ്ടാക്കിയ ഏറ്റുമുട്ടൽ സമീപകാലത്ത് ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. 22 സുരക്ഷാ സൈനികർ കൊല്ലപ്പെട്ടതിന് പുറമെ സംഭവത്തിൽ 31 സുരക്ഷാ സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തു. കാണാതായ ഒരു കമാൻഡർ ഗറില്ലാദളത്തിൻ്റെ പിടിയിലായി എന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും കേന്ദ്രആഭ്യന്തര മന്ത്രിയും അടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി. ഗറില്ലാ ദളങ്ങൾക്കായി തിരച്ചിൽ ഊർജ്ജിതപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.

Share This News

0Shares
0