ബംഗ്ലാദേശ് 2023ൽ ലോകകപ്പ് നേടുമെന്ന് ഷാക്കിബ്

2023ലെ ലോകകപ്പ് ബംഗ്ലാദേശ് നേടുമെന്ന് ഷാക്കിബ് അൽ ഹസൻ. നേടിയില്ലെങ്കിൽ 2027 വരെ ടീമിനുവേണ്ടി കളി തുടരുകയാണ് തൻ്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിൻ്റെ മുൻ ക്യാപ്റ്റൻ കൂടിയായ 34 കാരനായ ഷാക്കിബ് ഇന്ത്യയിൽ ഐപിഎല്ലിനായി എത്തിയപ്പോഴാണ് പ്രതികരണം നടത്തിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ താരമായ ഷാക്കിബ് മികച്ച ഓൾറൗണ്ടറാണ്. അടുത്തിടെ നടന്ന വെസ്റ്റിൻഡീസിൻ്റെ ബംഗ്ലാദേശ് പര്യടനത്തിൽ ഷാക്കിബിൻ്റെ ഓൾറൗണ്ട് മികവിലാണ് ആതിഥേയർ എകദിന പരമ്പര ( 3 – 0 ) തൂത്തുവാരിയത്. ഷാക്കിബിന് പരിക്കേറ്റ ഒന്നാം ടെസ്റ്റിലും തുടർന്ന് ഷാക്കിബില്ലാതിരുന്ന രണ്ടാം ടെസ്റ്റിലും വിജയം വെസ്റ്റിൻഡീസ് ടീമിനായിരുന്നു. ഇപ്പോൾ നടന്നുവരുന്ന ന്യൂസിലാൻഡ് പര്യടനത്തിൽ ബംഗ്ലാദേശിന് ട്വൻ്റി-ട്വൻ്റിയിലും ഏകദിനത്തിലും എല്ലാ മത്സരങ്ങളും തോറ്റ് അടിയറവുപറയേണ്ടി വന്നു. തനിക്ക് വീണ്ടും അവസരം ലഭിച്ചാൽ ബംഗ്ലാദേശ് ടീമിൻ്റെ കളിയോടുള്ള സമീപനം മാറ്റിത്തീർക്കാൻ കഴിയുമെന്നും മുൻ ക്യാപ്റ്റൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വാതുവെപ്പുസംഘത്തേക്കുറിച്ച് വിവരം നൽകുന്നതിൽ ജാഗ്രതയുണ്ടായില്ലെന്ന പേരിൽ ഒരു വർഷത്തെ വിലക്കിനു ശേഷമാണ് ഷാക്കിബ് പൂർവാധികം ശക്തി സംഭരിച്ച് വീണ്ടും കളത്തിലിറങ്ങിയത്.

Share This News

0Shares
0