കോൺഗ്രസ് ഓഫീസിലെ ജീവനക്കാരി കൊലചെയ്യപ്പെട്ട കേസിൽ പ്രതികളായ കോൺഗ്രസുകാരെ ഹൈക്കോടതി വെറുതെവിട്ടു. പ്രതികൾക്കെതിരെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാത്തതിനേത്തുടർന്നാണ് വെറുതെ വിടുന്നതെന്നാണ് കോടതി ഉത്തരവിൽ പറയുന്നത്. മലപ്പുറം നിലമ്പൂർ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിലെ ജീവനക്കാരിയായി തന്ന 49 വയസുകാരി രാധ 2014ലാണ് കൊല്ലപ്പെട്ടത്. ബ്ലോക്ക് കമ്മിറ്റി ഓഫീസിൽവച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. ഫെബ്രുവരി അഞ്ചു മുതൽ കാണാതായ രാധയെ ഉണ്ണിക്കുളത്തെ കുളത്തിൽ ഫെബ്രുവരി 10ന് കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടു. സംഭവത്തിൽ ഒന്നാം പ്രതിയായ ബിജു, രണ്ടാം പ്രതിയായ ഷംസുദ്ദീൻ എന്നീ കോൺഗ്രസ് പ്രവർത്തകരെ മഞ്ചേരി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇവർ നൽകിയ അപ്പീലിൻമേലാണ് വെറുതെവിട്ട് ഉത്തരവായത്.
ഓഫീസ് വൃത്തിയാക്കാൻ രാവിലെയെത്തിയ രാധയെ കൊലപ്പെടുത്തിയെന്നും മൃതദേഹം ചാക്കിലാക്കി ഷംസുദ്ദീൻ്റെ ഓട്ടോയിൽ കൊണ്ടുപോയി കുളത്തിൽ ഉപേക്ഷിച്ചെന്നുമായിരുന്നു പൊലീസിൻ്റെ കണ്ടെത്തൽ. രാധയുടെ വസ്ത്രങ്ങൾ കത്തിച്ചുകളഞ്ഞിരുന്നു. ആഭരണങ്ങൾ രണ്ടാം പ്രതി ഷംസുദ്ദീൻ്റെ കൈവശത്തു നിന്നും കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കൽ,ലൈംഗിക്രമണം, ഗൂഡാലോചന, കവർച്ച എന്നീ വകുപ്പുകൾ ചുമത്തിയിരുന്നു.