ഇ പി ജയരാജൻ അതൃപ്തനെന്ന് ചർച്ച ഉയരുന്നു

സ്ഥാനാർത്ഥിത്വത്തിൽനിന്നും മാറ്റിനിർത്തിയതിൽ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവും പിണറായി മന്ത്രിസഭയിൽ വ്യവസായ മന്ത്രിയുമായിരുന്ന ഇ പി ജയരാജൻ അസംതൃപ്തനെന്ന് സംശയം സംശയം. രണ്ടു പ്രാവശ്യം അടുപ്പിച്ച് എംഎൽഎ ആയവരെ ഇത്തവണ മത്സരിപ്പിക്കേണ്ടതില്ലെന്ന പാർട്ടി തീരുമാനമാണ് ഇ പി യെ സ്ഥാനാർത്ഥിത്വത്തിൽ നിന്നും ഒഴിവാക്കിയത്. എന്നാൽ തീരുമാനത്തിൽ അദ്ദേഹം അതൃപ്തനാണെന്ന സംശയമാണ് ഉയരുന്നത്. കണ്ണൂർ പ്രസ് ക്ലബിൽ നടന്ന പരിപാടിയിലാണ് ഇ പി യുടെ സംശയാസ്പദമായ പ്രതികരണം ഉണ്ടായത്. പ്രായമായതുകൊണ്ട് ഇനി താൻ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്ന ഇ പി യുടെ പ്രതികരണമുണ്ടായപ്പോൾ പിണറായിക്കും പ്രായമായില്ലെ എന്ന മാധ്യമ പ്രവർത്തകർ ചോദിച്ചു. പിണറായി പ്രത്യേക കഴിവും ശക്തിയും ഊർജവും ഉള്ള ഒരു മഹാമനുഷ്യൻ ആണെന്നും അദ്ദേഹത്തിൻ്റെ അടുത്തെത്താൻ സാധിച്ചെങ്കിൽ താൻ ഒരു മഹാ പുണ്യവാനായി തീരുമെന്നും അദ്ദേഹം ആകാൻ കഴിയുന്നില്ലല്ലോ എന്നതാണ് തൻ്റെ ദുഖമെന്നും ആയിരുന്നു ചിരിച്ചുകൊണ്ടുള്ള ഇ പി യുടെ മറുപടി. താൻ ഇങ്ങനെ പറഞ്ഞത് എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതിൽ ഒരു തടസവുമില്ലെന്നും താൻ തൻ്റെ കാര്യം പറയുന്നുവെന്നും താനതിൽ ആരെയും ഭയപ്പെടാറില്ലെന്നും ഇ പി അവസാനം കൂട്ടിച്ചേർക്കുകയുണ്ടായി. ഈ പ്രതികരണമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

കണ്ണൂരിലെ മട്ടന്നൂരായിരുന്നു ഇ പി യുടെ മണ്ഡലം. അവിടെ ഇത്തവണ ഷൈലജ ടീച്ചറാണ് സിപിഐ എം സ്ഥാനാർത്ഥി. ഇ പി ജയരാജന് പുറമെ പിണറായി മന്ത്രിസഭയിലെ പ്രമുഖരായിരുന്ന ഡോ. ടി എം തോമസ് ഐസക്കിനും ജി സുധാകരനും രണ്ടു തവണ നിബന്ധനയേത്തുടർന്ന് സ്ഥാനാർത്ഥിത്വം കിട്ടിയില്ല. സ്ഥാനാർത്ഥി നിർണയത്തിൽ 2011 ലെ തെരഞ്ഞെടുപ്പിൽ ചില പ്രശ്നങ്ങൾ ഉയർന്നു വന്നിരുന്നു. അന്നും തുടർ ഭരണം ലഭിക്കുമെന്ന പ്രതീക്ഷ എൽഡിഎഫിൽ ശക്തമായി ഉണ്ടായിരുന്നു. എന്നാൽ ചില നിർണായക സീറ്റുകളിൽ ആയിരത്തിൽ താഴെ മാത്രം വോട്ടുകൾക്ക് പരാജയപ്പെട്ടു. ചരിത്രം ആവർത്തിക്കരുത് എന്ന മുൻകരുതലിൽ പ്രചരണം സജീവമാക്കുക മാത്രമേ ഇനി മുന്നിലുള്ളൂ.

Share This News

0Shares
0