ലൗ ജിഹാദ് ആരോപണം ദുരീകരിക്കപ്പെടണമെന്ന ജോസ് കെ മാണിയുടെ പ്രതികരണം ക്രിയാത്മകമാണെന്ന് കത്തോലിക്ക സഭ. കേരള കാത്തലിക് ബിഷപ് കോൺഫറൻസ് വക്താവ് ഫാദർ ജേക്കബ് പാലക്കാപ്പള്ളിയാണ് ജോസ് കെ മാണിയുടെ അഭിപ്രായപ്രകടനത്തോട് പ്രതികരിച്ചത്. ലൗ ജിഹാദ് യാഥാർത്ഥ്യമാണെന്നും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യത്തിൽ നിലപാട് പറയണമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം സിപിഐ എം, സിപിഐ നേതാക്കൾ ഈ വിഷയത്തിൽ സഖ്യകക്ഷിയായ ജോസ് കെ മാണിയുടെ അഭിപ്രായപ്രകടനത്തെ പിന്തുണയ്ക്കാൻ തയ്യാറായില്ല. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അടക്കമുള്ള ഇടതുപക്ഷ നേതാക്കൾ ജോസ് കെ മാണിയുടെ നിലപാട് അദ്ദേഹത്തോടു തന്നെ ചോദിക്കണമെന്ന രീതിയിലാണ് പ്രതികരിച്ചത്. ലൗ ജിഹാദ് ഇല്ലെന്ന നിലപാടാണ് ഇടതുപക്ഷ പാർട്ടികൾ നേരത്തേ തന്നെ സ്വീകരിച്ചിട്ടുള്ളത്. ഒരു മാധ്യമത്തിൻ്റെ ചോദ്യത്തോട് പ്രതികരിച്ചു കൊണ്ടായിരുന്നു ജോസ് കെ മാണിയുടെ അഭിപ്രായപ്രകടനം ഉണ്ടായത്.