ശബരിമല യുവതി പ്രവേശന വിധി നടപ്പാക്കിയതിനെ പിന്തുണച്ച് യെച്ചൂരി

ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിൽ എൽഡിഎഫ് സർക്കാർ സ്വീകരിച്ച നിലപാടിനെ പിന്തുണച്ച് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. യുവതി പ്രവേശന വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഖേദം പ്രകടിപ്പിച്ചതിനേക്കുറിച്ച് പ്രതികരിച്ചാണ് യെച്ചൂരി 2018ലെ യുവതി പ്രവേശന വിഷയത്തിലെ പാർട്ടി നിലപാട് ആവർത്തിച്ചത്. ഒരു ദൃശ്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കടകംപള്ളിയുടെ ഖേദപ്രകടനത്തെ തളളുന്ന രീതിയിൽ പാർട്ടി ജനറൽ സെക്രട്ടറി പ്രതികരണം നടത്തിയത്.

യുവതി പ്രവേശനത്തിന് അനുകൂലമായ കോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് ബാധ്യതയുണ്ടെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. സർക്കാരിന് മുന്നിൽ മറ്റു വഴികളില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളിൽ ഖേദം പ്രകടിപ്പിച്ചതിനുപുറമെ ഈ വിഷയത്തിൽ ഇനിയുള്ള കോടതി വിധി എന്തു തന്നെയായാലും ചർച്ച ചെയ്തു മാത്രമേ തീരുമാനം എടുക്കൂ എന്നും കടകംപള്ളി പറഞ്ഞിരുന്നു.

കടകംപള്ളി മത്സരിക്കുന്ന കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ യുഡിഎഫും ബിജെപിയും വിഷയം വീണ്ടും സജീവ തെരഞ്ഞെടുപ്പു പ്രചരണമാക്കാനാണ് നീക്കം. തെരഞ്ഞെടുപ്പു പടിവാതിക്കൽ നിൽക്കെ കടകംപള്ളി നടത്തിയ പ്രതികരണവും യെച്ചൂരി നടത്തിയ നിലപാടാവർത്തിക്കലും വിഷയമാക്കി വോട്ടർമാരെ സ്വാധീനിക്കാൻ കഴിയുമോ എന്നാണ് പ്രതിപക്ഷവും ബിജെപിയും നോക്കുന്നത്. കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ദേശീയ തലത്തിലെ ബിജെപിഭരണത്തേക്കുറിച്ചുള്ള ഭീതിയിൽ കോൺഗ്രസിന് അനുകൂലമായി ഉണ്ടായ ന്യൂനപക്ഷ ഏകീകരണവും ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ പലയിടത്തും ബിജെപി വോട്ടുകൾ കോൺഗ്രസിലേക്ക് മറിച്ചതുമാണ് ഇടതുപക്ഷത്തിന് യഥാർത്ഥത്തിൽ തിരിച്ചടിയുണ്ടാക്കിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ശബരിമല വിഷയം തുടർന്നും തെരഞ്ഞെടുപ്പു പ്രചാരണമാകുമ്പോൾ ഭരണഘടന ഉറപ്പുനൽകുന്ന തുല്യനീതിയാണ് വീണ്ടും ചർച്ചയിലേക്കു വരുന്നത്.

Share This News

0Shares
0