സ്വിറ്റ്സർലൻഡിലും ബുർഖ നിരോധനം

ബുർഖയടക്കമുള്ള മുഖമൂടുപടങ്ങൾ ധരിക്കുന്നത് വിലക്കിയ ഏറ്റവും പുതിയ യൂറോപ്യൻ രാജ്യമായി സ്വിറ്റ്സർലൻഡ് മാറി. വലതുപക്ഷ സ്വിസ് പീപ്പിൾസ് പാർട്ടി നിർദ്ദേശിച്ച റഫറണ്ടത്തേത്തുടർന്നാണ് തീരുമാനം. റഫറണ്ടത്തിൽ മുഖം മറയ്ക്കുന്നതിനുള്ള നിർദേശങ്ങൾ വോട്ടർമാർ അംഗീകരിച്ചു; 51.2 – 48.8% മാർജിൻ. ഭരണഘടനയിൽ ഇതുമായി ബന്ധപ്പെട്ട ഭേദഗതി ഉൾപ്പെടുത്തും.

‘സ്വിറ്റ്സർലൻഡിൽ, നിങ്ങൾ മുഖം കാണിക്കുക എന്നതാണ് ഞങ്ങളുടെ പാരമ്പര്യം. അത് ഞങ്ങളുടെ അടിസ്ഥാന സ്വാതന്ത്ര്യത്തിന്റെ അടയാളമാണ്’ എന്നായിരുന്നു റഫറണ്ടം കമ്മിറ്റി ചെയർമാനും സ്വിസ് പീപ്പിൾസ് പാർട്ടിയുടെ പാർലമെന്റ് അംഗവുമായ വാൾട്ടർ വോബ്മാൻ വോട്ടെടുപ്പിന് മുമ്പ് നിലപാടറിയിച്ചത്. മുഖം മൂടുന്നത് യൂറോപ്പിൽ വർധിക്കുകയാണ്. സ്വിറ്റ്സർലൻഡിൽ സ്ഥാനമില്ലാത്ത രാഷ്ട്രീയ ഇസ്‌ലാമിന്റെ പ്രതീകമാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മുസ്ലീം ഗ്രൂപ്പുകൾ വോട്ടെടുപ്പിനെ അപലപിക്കുകയും അതിനെ വെല്ലുവിളിക്കുമെന്നും പറഞ്ഞു. പുതിയ തീരുമാനം പഴയ മുറിവുകൾ തുറക്കുന്നതാണെന്നും നിയമപരമായ അസമത്വം വികസിപ്പിക്കുന്നതാണെന്നും മുസ്‌ലിം ന്യൂനപക്ഷത്തിന് ഇത് ഒഴിവാക്കലിന്റെ വ്യക്തമായ സൂചന നൽകുന്നു എന്നും സ്വിറ്റ്‌സർലൻഡിലെ സെൻട്രൽ കൗൺസിൽ ഓഫ് മുസ്‌ലിംസ് പ്രതികരിച്ചു.

പ്രാർത്ഥനാലയങ്ങൾക്കുള്ളിലും പ്രാദേശിക ആചാരങ്ങൾക്കും മുഖമൂടുപടം ധരിക്കാൻ അനുവദിക്കും. അതേസമയം, കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി മുഖം മൂടുന്നത് പുതിയ തീരുമാനത്തെ ബാധിക്കില്ല. മുഖമൂടുപടം ധരിക്കുന്നത് 2011ൽ ഫ്രാൻസ് നിരോധിച്ചിരുന്നു. ഡെൻമാർക്ക്,ഓസ്ട്രിയ, നെതർലാന്റ്സ്, ബൾഗേറിയ എന്നിവിടങ്ങളിലും നിയന്ത്രണമുണ്ട്.

Share This News

0Shares
0