എക്കാലത്തെയും തൻ്റെ ഒന്നാമത്തെ പ്രണയമായ ക്രിക്കറ്റിൽ സുന്ദരമായൊരു കവർ ഡ്രൈവ് പായിച്ചതിൻ്റെ സന്തോഷത്തിൽ സ്പ്രിൻ്റ് ഇതിഹാസം ഉസൈൻ ബോൾട്ട്. കൂട്ടുകാർക്കൊപ്പം വിനോദത്തിനായി ക്രിക്കറ്റ് ബാറ്റ് ഏന്തിയ താരത്തിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ കൗതുകമാവുകയാണ്. അദേഹം തന്നെയാണ് കൗതുകമുണർത്തുന്ന വീഡിയോ തൻ്റെ ഫേസ് ബുക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടത്.
കൂട്ടുകാർക്കൊപ്പം ഉല്ലാസത്തിനായി കളിക്കുമ്പോഴും ക്രിക്കറ്റിനോടുള്ള തൻ്റെ വൈകാരിക ഇഷ്ടം മറക്കാത്ത ഷോട്ടുകളായിരുന്നു ജമൈക്കൻ താരത്തിൻ്റേത്. ചെറുപ്പത്തിൽ ക്രിക്കറ്റ് താരമാകണമെന്ന മോഹവുമായി നടന്ന തന്നെ ക്രിക്കറ്റ് ഫാനായിരുന്ന അച്ഛനാണ് ഓട്ടത്തിൻ്റെ ട്രാക്കിലേക്ക് തിരിച്ചുവിട്ടതെന്ന് ഉസൈൻ ബോൾട്ട് നേരത്തെ വെളിപ്പെടുത്തിയിരുന്നു. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിലെത്തുക ദുഷ്കരമായതിനാലാണ് അച്ഛൻ തന്നെ ഓട്ടക്കാരനാക്കാൻ ഇഷ്ടപ്പെട്ടതെന്നായിരുന്നു താരം തുറന്നുപറഞ്ഞത്. എട്ട് ഒളിമ്പിക് സ്വർണവും തുടർച്ചയായി മൂന്ന് ഒളിമ്പിക്സുകളിൽ 100 മീറ്റർ ഓട്ടത്തിലും 200 മീറ്റർ ഓട്ടത്തിലും ഒന്നാമതെത്തുകയും ചെയ്തിട്ടുള്ള ഇതിഹാസ താരം ക്രിക്കറ്റ് തന്നെയാണ് തൻ്റെ എക്കാലത്തെയും ഒന്നാമത്തെ ഇഷ്ടമെന്നും തുറന്നു പറഞ്ഞിരുന്നു.