നായരമ്പലത്ത് ലോൺ മാഫിയയുടെ ആസ്തികൾ പിടിച്ചെടുക്കുമെന്ന് സമരക്കാർ

ലോൺ മാഫിയയുടെ ആസ്തികൾ പിടിച്ചെടുക്കുമെന്ന് സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം വാർത്താക്കുറിപ്പിൽ പറഞ്ഞു. 14ന് രാവിലെ 10ന് നായരമ്പലത്താണ് പിടിച്ചെടുക്കൽ സമരം. കേരളീയ സമൂഹത്തിനു മുന്നിൽ ജനവിരുദ്ധ സർഫാസി നിയമത്തിന്റെ ഭീകരതയും, റിയൽ എസ്റ്റേറ്റ് കച്ചവടത്തിന്റെ പറുദീസയായും കടക്കെടിയിലായവരുടെ കശാപ്പുശാലയായും ഡെബ്റ്റ് റിക്കവറി ട്രിബ്യൂണൽ മാറുന്നതും, കിടപ്പാടം ജപ്തിചെയ്ത് തെരുവിൽ എറിയപ്പെടുന്ന കുടുംബങ്ങളുടെ അരക്ഷിതത്വം പ്രശ്‌നവൽക്കരിച്ച് സർക്കാരിനെക്കൊണ്ട് നിലപാടെടുപ്പിച്ചതും ബാങ്ക് വായ്പാ തട്ടിപ്പിനിരയായ ദളിത്-ദരിദ്ര കുടുംബങ്ങൾ വർഷങ്ങളായി നടത്തിവരുന്ന സമരങ്ങളിലൂടെ
യാണ്. സർക്കാരുകൾ ഉപരിതല സ്പർശിയായ  സമീപനങ്ങൾമാത്രം കൈക്കൊണ്ട് 11 വർഷമായി വായ്പാതട്ടിപ്പിനിരയായ കുടുംബങ്ങളെ ആത്മഹത്യയ്ക്കും മരണത്തിനുമിടയിലൂടെയുള്ള ജീവിതത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.

ഇബ്രാഹിം പള്ളിത്തറ, ലോനൻ ബാബുരാജ് എന്നിവർ നേതൃത്വം നൽകിയ മാഫിയസംഘം, വായ്പ കിട്ടാക്കനിയായ മൂന്നും അഞ്ചും സെന്റ് വരുന്ന കിടപ്പാടങ്ങളുള്ള കുടുംബങ്ങളുടെ ആധാരങ്ങൾ ചികിത്സാ, വിവാഹം, പുരപണി, മരണാവശ്യം, കടംവീട്ടൽ എന്നീ ആവശ്യങ്ങൾക്കായി ചുരുങ്ങിയ പലിശയ്ക്ക് ബാങ്കുകളിൽനിന്ന് വായ്പ വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് ആധാരങ്ങൾ ചതിവിൽ എഴുതിവാങ്ങുകയായിരുന്നു. ആധാരങ്ങൾ ഈടുവെച്ച് ഭീമമായ തുക വായ്പയെടുത്ത് തുച്ഛമായ സംഖ്യമാത്രം ഉടമകൾക്കു നൽകി വ്യാപക തട്ടിപ്പാണ് 2009ൽ നടത്തിയത്. ബാങ്കുകളിലേക്ക് തിരിച്ചടക്കാനെന്നുപറഞ്ഞ് ഇരകളിൽനിന്നു ഘടുക്കളായി പണം വസൂലാക്കുകയും ചെയ്തിരുന്നു. എന്നാൽ വായ്പ തിരിച്ചടക്കാതായതോടെ ബാങ്കുകൾ കോടതിയെക്കൂടാതെതന്നെ നേരിട്ട് വസ്തു കൈവശപ്പെടുത്തി കുടുംബങ്ങളെ കുടിയിറക്കി വസ്തു ലേലംചെയ്ത് വിൽക്കാനുള്ള സർഫാസി നിയമനടപടി തുടങ്ങി. സർഫാസി നിയമത്തിലൂടെ ബാങ്കിനു ലഭിച്ച അമിതാധികാരമാണ് വായ്പാ തട്ടിപ്പിന് വഴിയൊരുക്കിയത്. മുളവുകാട് വില്ലേജിലെ പനമ്പുകാടു മാത്രം പതിനൊന്നോളം കുടുംബങ്ങളാണ് തട്ടിപ്പിനിരയായത്. 3 പേർ ആത്മഹത്യചെയ്തുതു. ജപ്തി നടപടി ഭയന്ന് 4പേർ അകാലത്തിൽ ജീവൻ വെടിഞ്ഞു. ശേഷിക്കുന്നവർ മാനസിക സംഘർഷത്തിൽ നിത്യരോഗികളും മരണാസന്നരുമായിട്ടും സർക്കാർ നിസ്സംഗത തുടരുകയാണ്.

അമ്പതിനായിരം രൂപ വായ്പ വാങ്ങി ഒരുലക്ഷം രൂപ തിരിച്ചടച്ച കുടുംബത്തിന്റെമേൽ 22 ലക്ഷം രൂപയുടെയും രണ്ടര ലക്ഷം രൂപ വായ്പ വാങ്ങിയ കുടുംബത്തിൻമേൽ 75 ലക്ഷം രൂപയുടെയും കുടിശ്ശികയായെന്ന നിലയിലുള്ള അവകാശവാദമാണ് പലിശയും പിഴപലിശയുംകൂട്ടി ബാങ്കുകൾ അന്യായമായി ഉന്നയിക്കുന്നു.
വായ്പാതട്ടിപ്പ് നടത്തിയ സംഘങ്ങൾ കവർന്നെടുത്ത കടംകൊണ്ട് വസ്തുവകകൾ വാങ്ങിക്കൂട്ടുകയാണെന്ന് 2010ൽ അന്വേഷണ ഉദ്യോഗസ്ഥർ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ആ ദിശയിൽ മാതൃകാപരമായി നടപടികൾ സർക്കാർ കൈക്കൊണ്ടിരുന്നെങ്കി‌ൽ ശാശ്വതപരിഹാരം കാണാനാകുമായിരുന്നു. എന്നാൽ വായ്പാതട്ടിപ്പ് മാഫിയ സംഘം കൂസലെന്യേ ആർഭാട ജീവിതം നയിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് ഞായറാഴ്ച രാവിലെ 10ന് നായരമ്പലത്ത് 600 ദിവസമായി നടത്തിവരുന്ന അന്തിമ പ്രക്ഷോഭ സമരപന്തലിൽനിന്ന് വയോധികരും രോഗികളുമായ ഇരകളെ വീൽച്ചെയറിൽ ഇരുത്തിക്കൊണ്ട്, വായ്പാതട്ടിപ്പിനിരയായ കുടുംബങ്ങൾ നായരമ്പലത്തെ ഇബ്രാഹിം പള്ളിത്തറയുടെ ആസ്തികൾ പിടിച്ചെടുക്കാൻ മാർച്ച് ചെയ്യുന്നത്. രാഷ്ട്രിയ കിസാൻ മഹാസംഘിന്റെ ദക്ഷിണേന്ത്യൻ കോർഡിനേറ്റർ പി ടി ജോൺ മാർച്ച് ഉദ്ഘാടനം ചെയ്യുമെന്നും പ്രസ്ഥാനം ഭാരവാഹി പി ജെ മാനുവൽ വാർത്താക്കുറിപ്പിൽ പറഞ്ഞു.

Share This News

0Shares
0