വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടിന്റെ പേരിലാണ് കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള ലോകത്തിന്റെ സാംസ്കാരിക ഭൂപടത്തില്‍ ഇടം നേടിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 25-ാമത് രാജ്യാന്തര ചലച്ചിത്രമേള തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മര്‍ദ്ദിതര്‍ക്കും പീഡിതര്‍ക്കുമൊപ്പമാണ് എന്നും ഈ മേള നിലകൊണ്ടിട്ടുള്ളത്. അതുകൊണ്ടാണ് ആഫ്രിക്കന്‍, ഏഷ്യന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ക്ക് നാം പ്രാമുഖ്യം നല്‍കിപ്പോരുന്നതെന്നും അദ്ദേഹം പറഞ്ഞു.
മത്സരവിഭാഗത്തില്‍ മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കു മാത്രമേ ഇവിടെ പ്രവേശനം നല്കാറുള്ളു. അമേരിക്കയുടെയും യൂറോപ്പിന്റെയും സാംസ്കാരിക സാമ്രാജ്യത്വത്തിന് എതിരായ പോരാട്ടം കൂടിയാണ് ഈ നിലപാട്. സിനിമയുടെ ആസ്വാദനമൂല്യത്തിനും വിനോദമൂല്യത്തിനും മാത്രം ഊന്നല്‍ നല്‍കുകയും രാഷ്ട്രീയ ദര്‍ശനങ്ങളെ അവഗണിക്കുകയും ചെയ്യുന്ന ലോകത്തെ പല വന്‍കിട ചലച്ചിത്രമേളകളില്‍ നിന്നും ഐഎഫ്എഫ്കെയെ വ്യത്യസ്തമാക്കുന്നതും നാം ഉയര്‍ത്തിപ്പിടിക്കുന്ന ശക്തമായ ഈ നിലപാടാണ്.
സംവിധായകര്‍ക്കു നല്കുന്ന പുരോഗമനപരമായ ചലച്ചിത്ര സമീപനം സ്വീകരിക്കുന്ന ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡും ഒരു രാഷ്ട്രീയ നിലപാടിന്റെ ഭാഗമാണ്. ലോകസിനിമയുടെ ഗതിമാറ്റത്തിനു വഴിതെളിച്ചതിലൂടെ ഇത്തവണ ഴാങ് ലുക് ഗൊദാര്‍ദാണ് ഈ പുരസ്കാരത്തിന് അര്‍ഹനായിരിക്കുന്നത്. ഫ്രഞ്ച് നവതരംഗം എന്ന ചലച്ചിത്ര പ്രസ്ഥാനത്തിന്റെ മുഖ്യപ്രയോക്താവാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങള്‍ തന്നെയാണ് നിലപാടും. രാഷ്ട്രീയ സിനിമ എടുക്കുകയല്ല രാഷ്ട്രീയമായി സിനിമ എടുക്കുകയാണ് വേണ്ടതെന്ന് വാദിച്ച അദ്ദേഹത്തിന് ഈ പുരസ്കാരം നല്‍കുന്നത് ഉചിതമായ തീരുമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.