ഭഗവാനു നേരെ മഷി ആക്രമണം

കന്നട എഴുത്തുകാരനും ചിന്തകനുമായ കെ എസ് ഭഗവാനുനേരെ കോടതി വളപ്പിൽവച്ച് ബ്രാഹ്മണമതാനുകൂലിയായ അഭിഭാഷകയുടെ മഷി ആക്രമണം. ബംഗളൂരുവിലെ കോടതി വളപ്പിൽവച്ചാണ് മീര രാഘവേന്ദ്ര എന്ന അഭിഭാഷക, വയോധികനായ കെ എസ് ഭഗവാനു നേരെ മഷി ആക്രണം നടത്തിയത്. താനൊരു ഹിന്ദു സ്ത്രീയാണെന്നും ഹിന്ദു മതത്തെയും ദൈവങ്ങളെയും വിമർശിക്കുന്നയാളാണ് കെ എസ് ഭഗവാനെന്നും മറ്റുള്ളവർക്കുകൂടി ഇതൊരു താക്കീതാണെന്നുമാണ് ആക്രമണ ശേഷം ഇവർ വ്യക്തമാക്കിയത്. സമൂഹമാധ്യമമായ ഫേസ്ബുക്കിലൂടെ സംഭവവുമായി ബന്ധപ്പെട്ട വീഡിയോയും ചിത്രങ്ങളും ഇവർ തന്നെ പങ്കുവക്കുകയും ചെയ്തു.

സംഭവമറിഞ്ഞ് ശ്രീരാമസേനാ പ്രവർത്തകർ തന്നെ അഭിനന്ദിച്ചതായും ഇവർ വെളിപ്പെടുത്തി.


ജീവന് ഭീഷണിയുള്ളതിനാൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുള്ള വ്യക്തിയാണ് കെ എസ് ഭഗവാൻ. പ്രമുഖ മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവർ കെ എസ് ഭഗവാനെയും നോട്ടമിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരായ പൊലീസുകാരുടെ സാന്നിധ്യത്തിലായിരുന്നു അഭിഭാഷകയുടെ മഷി ആക്രമണം.

ഇന്ത്യൻ സംസ്കാരത്തെയും ചരിത്രത്തെയും കുറിച്ചുള്ള നിരവധി പുസ്തകങ്ങളുടെ കർത്താവായ കെ എസ് ഭഗവാൻ നിരവധി അവാർഡുകൾക്കും അർഹനായിട്ടുണ്ട്. റിട്ടയേഡ് പ്രൊഫസർ കൂടിയായ ഇദ്ദേഹം വിഖ്യാത ഇംഗ്ലീഷ് നാടകകൃത്ത് ഷേക്സ്പിയറുടെ ജൂലിയസ് സീസർ, ഹാംലറ്റ് എന്നീ കൃതികൾക്ക് തർജ്ജമയും നിർവഹിച്ചിട്ടുണ്ട്.

Share This News

0Shares
0