പാർലമെൻ്റംഗമായതിനു ശേഷം തനിക്കുണ്ടായ ഏറ്റവും ദുഖകരമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് എ എം ആരിഫ് എം പി. ലോക്സഭയിൽ താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ വെളിപ്പെടുത്തിയ ദു:ഖകരമായ വിവരമാണ് എം പി തൻ്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.
നരേന്ദ്ര മോഡിയുടെ ഭരണത്തിൽ 2015 മുതല്‍ 2019 വരെയുള്ള കാലയളവില്‍ രാജ്യത്ത് ആത്മഹത്യ ചെയ്‌തത് അരലക്ഷത്തിലധികം കര്‍ഷകരാണ്. മൊത്തം 58,783 കര്‍ഷകരാണ് ഈ കാലയളവിനുള്ളിൽ ജീവനൊടുക്കിയതെന്ന് കേന്ദ്രമന്ത്രി വെളിപ്പെടുത്തിയിരിക്കുന്നു. മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കര്‍ഷക ആത്മഹത്യയുണ്ടായത്.
എം പി യുടെ ഫേസ് ബുക്ക് കുറുപ്പിൻ്റെ പൂർണ രൂപം ഇങ്ങനെ:
പാർലമെന്റംഗമായതിനു ശേഷം ഏറ്റവും ദു:ഖകരമായ ഒരു അനുഭവത്തിലൂടെ കടന്നു പോയ ദിവസത്തെക്കുറിച്ച് നിങ്ങളോട് പറയണമെന്നു കരുതുകയാണ്.
ആലപ്പുഴക്കാരനായ എനിക്ക് എന്റെ ജീവിതമെന്നാൽ കൃഷിയും കർഷകത്തൊഴിലുമായി നിരന്തരം ബന്ധപ്പെട്ടതാണ്. ഇത്രകാലത്തെ പൊതുജീവിതത്തിൽ ഏറെ അറിഞ്ഞതും കർഷകരുടേയും കർഷകത്തൊഴിലാളികളുടേയും പ്രശ്നങ്ങളും ജീവിതവുമാണ്. ഇന്ത്യയിൽ കഴിഞ്ഞ വർഷങ്ങളിൽ എത്ര കർഷകർ ആത്മഹത്യചെയ്തു എന്ന ചോദ്യത്തിന് കേന്ദ്രസർക്കാർ പാർലമെന്റിൽ എനിക്കു തന്ന മറുപടിയാണ് നമ്മുടെ ഓരോരുത്തരുടേയും ഉറക്കം കളയിക്കുംവിധം ദുരന്ത സൂചകമായിട്ടുള്ളത്. 2015 മുതൽ 2019 വരെയുള്ള കാലയളവിൽ രാജ്യത്ത് ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം 58783 ആണത്രെ. അതായത് ഇന്ത്യയിൽ ഓരോ മണിക്കൂറിലും ഏകദേശം രണ്ടു കർഷകർ ആത്മഹത്യ കഴിഞ്ഞ അഞ്ചുവർഷമായി തുടർച്ചയായി ചെയ്യുന്നുവെന്നാണ് ഒരുളുപ്പുമില്ലാതെ നിവർന്നുനിന്ന് 2014 മുതൽ ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ കേന്ദ്രമന്ത്രി പറഞ്ഞത്. അതും ബിജെപി കാലങ്ങളായി ഭരിച്ച മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ആണത്ര ഏറ്റവുമധികം. ഒരുവർഷം മുഴുവൻ പണിയെടുത്തതിന്റെ വിളവിന് വിലകിട്ടാതെ കടം കയറി ആത്മഹത്യ ചെയ്യുന്ന ദരിദ്ര കർഷകനെ കാണാതെ എന്തു വികസനമാണ് മനുഷ്യരേ നിങ്ങൾ കൊണ്ടുവരുന്നത്. ആർക്കു വേണ്ടിയാണ് നിങ്ങൾ ഭരിക്കുന്നത്. ദില്ലിയിൽ ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നുമുള്ള കർഷകരുടെ പോരാട്ടം തുടരുകയാണ്. അവർക്കൊഷമാണ് ഞാൻ. ഇതു വായിക്കുന്ന എന്റെ പ്രിയപ്പെട്ടവരെ, രാജ്യത്തിന്റെ നട്ടെല്ലാണവർ. അവർക്കൊപ്പം നിൽക്കാൻ ഒരു നിമിഷം പോലും നാം വൈകിക്കൂടാ.