പ്രശസ്ത പോപ് താരം റിഹന്നയും നോബൽ സമ്മാനത്തിന് നോമിനേറ്റ് ചെയ്യപ്പെട്ട കൗമാര പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗും ഉൾപ്പടെയുള്ള പ്രമുഖർ ഇന്ത്യയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതോടെ രാജ്യ തലസ്ഥാനത്ത് മാസങ്ങളായി തുടർന്നുവരുന്ന സമരം ലോക ശ്രദ്ധ കൈവരിക്കുന്നു. റിഹന്നയും ഗ്രേറ്റ തൻബർഗും സമൂഹ മാധ്യമമായ ട്വിറ്ററിലൂടെയാണ് ഇന്ത്യയിലെ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.
ഇൻ്റർനെറ്റ് ഇല്ലാതാക്കലടക്കം സമരത്തെ പരാജയപ്പെടുത്താൻ ഇന്ത്യൻ സർക്കാർ നടത്തിയ അടിച്ചമർത്തൽ ശ്രമങ്ങളെ ഇരുവരും വിമർശിച്ചു. ഇന്ത്യയിലെ കർഷകർ നടത്തുന്ന സമരത്തേക്കുറിച്ച് എല്ലാവരും സംസാരിക്കണമെന്ന് റിഹന്ന ട്വിറ്ററിൽ കുറിച്ചു. കോടിക്കണക്കിന് ഫോളോവേഴ്സുള്ളതാണ് റിഹന്നയുടെ സമൂഹ മാധ്യമ പ്രൊഫൈലുകൾ. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വിഷയത്തിൽ, അമേരിക്കൻ പ്രസിഡൻ്റായിരുന്ന ട്രമ്പിനെയടക്കം നേരിട്ട് വിമർശിച്ച് ലോകശ്രദ്ധയാകർഷിച്ച കൗമാരക്കാരിയാണ് ഗ്രേറ്റ തൻബർഗ്.
സമര കേന്ദ്രത്തിലേക്കുള്ള വൈദ്യുതിയും വെള്ളവും ഇല്ലാതാക്കിയതിനു പിന്നാലെ ഇൻ്റർനെറ്റ് ബന്ധവും സർക്കാർ വിച്ഛേദിച്ചിരിക്കുകയാണ്. സമരക്കാരെ നേരിടാൻ സമര കേന്ദ്രങ്ങളിൽ യുദ്ധസമാനമായ പൊലീസ്- അർധസൈനിക സന്നാഹമാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്.
അതേസമയം സമര നേതൃത്വവും നിലപാട് കടുപ്പിച്ചിരിക്കുകയാണ്. സർക്കാർ ഇതുവരെ അറസ്റ്റു ചെയ്ത സമരക്കാരെ വിട്ടയക്കാതെ ഇനി ചർച്ചക്കു പോലും തയ്യാറല്ലെന്ന് അവർ വ്യക്തമാക്കി.