കർഷക സമരം: സച്ചിനെതിരെ ആരാധകരുടെ പൊങ്കാല

ഇന്ത്യയിലെ കർഷകസമരത്തെ പിന്തുണച്ചവരെ വിമർശിച്ച ക്രിക്കറ്റ് താരം സച്ചിനെതിരെ ഫേസ്ബുക്കിൽ മലയാളികളുടെ പൊങ്കാല. നേരത്തെ സച്ചിനെ അപമാനിച്ചെന്ന പേരിൽ റഷ്യൻ ടെന്നീസ് താരം മരിയ ഷറപ്പോവയെ ഫേസ് ബുക്കിൽ പൊങ്കാലയിട്ടത് തെറ്റായിപ്പോയെന്നതടക്കമുള്ള രൂക്ഷ പ്രതികരണങ്ങളാണ് പ്രിയതാരമായിരുന്ന സച്ചിനെതിരെ അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പേജിൽ കമൻ്റുകളായി നിറയുന്നത്. ലോകപ്രശസ്ത പോപ് ഗായിക റിഹാന്നയും നോബൽ സമ്മാനത്തിനായി നോമിനേറ്റ് ചെയ്യപ്പെട്ട കൗമാര പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗും അടക്കമുള്ള ആഗോള വ്യക്തിത്വങ്ങൾ ഇന്ത്യയിലെ കർഷകസമരത്തിന് പിന്തുണ അർപ്പിച്ചിരുന്നു. ഇന്ത്യൻ സർക്കാർ കർഷകസമരത്തെ അടിച്ചമർത്തുന്നതിനെതിരെ ലോകം പ്രതികരിക്കണമെന്ന് സമൂഹ മാധ്യമമായ ട്വിറ്ററിലൂടെയായിരുന്നു ഇവരുടെ കുറിപ്പ്. ഇതിനെതിരെ സച്ചിനടക്കമുള്ള ഇന്ത്യൻ സെലിബ്രിറ്റികൾ രംഗത്തുവരുകയായിരുന്നു.

കർഷക സമരത്തെ പിന്തുണച്ചവർ ഇന്ത്യയുടെ പരമാധികാരത്തിനെതിരായിട്ടാണ് പ്രതികരിച്ചതെന്ന വിമർശനമാണ് സച്ചിൻ നടത്തിയത്. മാസങ്ങളായി തുടരുന്ന കർഷകസമരത്തെക്കുറിച്ച് ഒന്നും മിണ്ടാതിരുന്ന സച്ചിൻ സമരത്തിന് ആഗോള ശ്രദ്ധ കിട്ടിയപ്പോൾ സമരത്തെ പിന്തുണച്ചവരെ വിമർശിച്ച് രംഗത്തെത്തിയത് ശരിയായില്ലെന്നാണ് ആരാധകർ പരിഭവും പരാതിയുമായി കമൻറുകളിൽ പറയുന്നത്. അമേരിക്കയിൽ കറുത്ത വംശജനായ ജോർജ് ഫ്ളോയിഡ് കൊല്ലപ്പെട്ടപ്പോൾ ലോകമെങ്ങും വംശീയവിവേചനത്തിനെതിരെ ശക്തമായ പ്രതികരണം ഉയർന്നിരുന്നു. സച്ചിനും ആ ക്യാമ്പയിനിൽ പങ്കാളിയായിരുന്നു. എന്നാൽ ഇന്ത്യയിലെ ഒരു വിഷയം വന്നപ്പോൾ അതിൽ വിദേശികൾ അഭിപ്രായം പറയണ്ട എന്ന നിലപാട് സച്ചിൻ സ്വീകരിച്ചത് കാപട്യമായിപ്പോയെന്നും ആരാധകർ വിമർശനമായി ഉന്നയിക്കുന്നു.

Share This News

0Shares
0