മൂന്നാറിനെ മഴവില്ലഴകിൽ വർണ്ണാഭമാക്കാനൊരുങ്ങുന്ന പദ്ധതിയുമായി ഇടുക്കി ജില്ലാ ഭരണകൂടം.മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്ക് മൂന്നാറിലെ വിവരങ്ങളും വിശേഷങ്ങളും വിരൽത്തുമ്പിലറിയാനും, മൂന്നാർ ടൂറിസത്തിനെ അന്താരാഷ്ട്ര തലത്തിൽ ബ്രാൻഡ് ചെയ്യുന്നതിനുവേണ്ടി കൈറ്റ്സ് ഫൗണ്ടേഷന്റെ സഹകരണത്തോടെ മൂന്നാർ വിബ്ജിയോർ ടൂറിസം എന്ന പദ്ധതിക്കാണ് ജില്ലാഭരണകൂടം തുടക്കമിട്ടിരിക്കുന്നത്.
മൂന്നാറിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഏഴു ദിശകളായി തിരിച്ചു കൊണ്ട് ഓരോന്നിനും മഴവില്ലിന്റെ നിറങ്ങൾ നൽകി സഞ്ചാര സൗഹൃദമായ അന്തരീക്ഷം മൂന്നാറിൽ ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മൂന്നാറിന്റെ വിനോദസഞ്ചാരത്തെയും ഭൂപ്രകൃതിയും മൂന്നാറിലെ മൂന്നു നദികളെയും ആവിഷ്കരിച്ചുകൊണ്ട് മഴവില്ലിലെ ഏഴു നിറങ്ങളിൽ മൂന്നാറിലെ സ്വന്തം വരയാടിനെ ആവിഷ്ക്കരിച്ചു കൊണ്ടാണ് വിബ്ജിയോർ ടൂറിസത്തിന്റെ ലോഗോ തയ്യാറാക്കിയിരിക്കുന്നത്. പ്രശസ്ത ഡിസൈനർ സിറിൽ സിറിയക് ആണ് ലോഗോയുടെ സൃഷ്ടാവ്. പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ, അവയുടെ പ്രാധാന്യം, താമസ സൗകര്യങ്ങൾ, ആശുപത്രികൾ, ഭക്ഷണശാലകൾ, പെട്രോൾ പമ്പുകൾ, ശൗചാലയങ്ങൾ, പോലീസ് സഹായം, വാഹന ലഭ്യത, ഓരോ സ്ഥലവും സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം തുടങ്ങി ഒരു സഞ്ചാരിക്ക് വേണ്ട എല്ലാ വിവരങ്ങളും സഞ്ചാരികൾക്ക് ‘വിബ്ജിയോർ’ ആപ്പ് വഴി വിരൽത്തുമ്പിൽ ലഭ്യമാക്കുമെന്ന് കലക്ടർ വ്യക്തമാക്കി.
മൂന്നാറിലെ ജൈവവൈവിധ്യത്തെ സഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടി ഓരോ മേഖലയിലെയും പ്രധാനപ്പെട്ട ജീവജാലങ്ങളെ കുറിച്ചും സസ്യലതാദികളെ കുറിച്ചും വിവരങ്ങൾ ആപ്പിൽ ലഭ്യമാകും.
നെറ്റ്‌വർക്ക് ലഭ്യമായില്ലെങ്കിലും പ്രവർത്തിക്കാൻ സാധിക്കുന്ന രീതിയിൽ പ്രോഗ്രസീവ് വെബ് ആപ്പ് ആയിട്ടാണ് വിബ്ജിയോർ ടൂറിസത്തിന്റെ ആപ്പ് പ്രവർത്തിക്കുന്നത്. ഒരേസമയം വെബ്സൈറ്റ് മാതൃകയിലും മൊബൈൽ ഉപയോഗിക്കുന്നവർക്ക് ആപ്ലിക്കേഷൻ എന്ന രീതിയിലും ഇത് പ്രവർത്തിക്കും.
ഈ വെബ്സൈറ്റിലേക്ക് നയിക്കുന്ന ക്യുആർ കോഡുകൾ പതിപ്പിച്ച സ്റ്റിക്കറുകൾ പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും ഹോട്ടലുകളിലും പതിപ്പിച്ചുകൊണ്ട് വിനോദസഞ്ചാരികൾക്ക് കൂടുതൽ ലളിതമായ രീതിയിൽ മൂന്നാറിലെ വിനോദസഞ്ചാര സ്ഥലങ്ങൾ അറിയുവാനും സഞ്ചരിക്കുവാനും സാധിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മൊബൈൽ ഫോണിൽ ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ ഏതൊരാൾക്കും വിവരങ്ങൾ ലളിതമായി ലഭ്യമാകും.