ഒഴിപ്പിക്കൽ ചെറുത്ത് കർഷക പ്രവാഹം

ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ് പൊലീസിന്റെ ഒഴിപ്പിക്കൽ നടപടി പരാജയപ്പെടുത്തി ഗാസിപുരിലെ സമരകേന്ദ്രത്തിലേക്ക്‌  കൂടുതൽ കർഷകർ ഇരമ്പിയെത്തുന്നു. ആയിരത്തോളം മാത്രം കർഷകരുണ്ടായിരുന്ന ഗാസിപുരിൽ ഇപ്പോൾ പതിനായിരത്തിലധികംപേരായി. ഇതോടെ സിൻഘുവിനും ടിക്രി‌ക്കുമൊപ്പം ശക്തമായ സമരകേന്ദ്രമായി ഡൽഹി– ഉത്തർപ്രമേശ് അതിർത്തിയിലെ ഗാസിപുരും മാറി.  അർധസൈനികരും പൊലീസുമടക്കം വൻ സന്നാഹവുമായാണ്‌ ‌ ഉത്തർപ്രദേശ് സർക്കാർ കർഷകരെ ഒഴിപ്പിക്കാനെത്തിയിരുന്നത്. ഒഴിപ്പിക്കൽ നീക്കമറിഞ്ഞ്‌  യുപി, ഹരിയാന സംസ്ഥാനങ്ങളിൽനിന്ന്‌ ട്രാക്ടറുകളിലും മറ്റ്‌ വാഹനങ്ങളിലുമായാണ്‌ കൂടുതൽ കർഷകർ ഇരമ്പിയെത്തിയത്. ഭാരതീയ കിസാൻ യൂണിയൻ (ടിക്കായത്ത്‌) വിഭാഗത്തിൽപ്പെട്ട കർഷകരാണ്‌ ഗാസിപുരിൽ സമരത്തിലുണ്ടായിരുന്നത്‌. റിപ്പബ്ലിക്‌ ദിനത്തിലെ സംഘർഷത്തേതുടർന്ന് ‌ ‌ബിജെപി അനുകൂല മാധ്യമങ്ങളും ആർഎസ്എസ് സംഘടനകളും വലിയ പ്രചാരം അഴിച്ചുവിട്ടതോടെയാണ് ഉത്തർപ്രദേശ് പൊലീസ് സമരകേന്ദ്രത്തിലെത്തി ഒഴിപ്പിക്കൽ നടപടിക്ക് തുനിഞ്ഞത്. സമരകേന്ദ്രത്തിലേക്കള്ള വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചിട്ടും കൂടുതൽ പ്രക്ഷോഭകരെത്തിയത് കേന്ദ്ര സർക്കാരിനെ വീണ്ടും സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. നാട്ടുകാർ എന്ന പേരിൽ സമരക്കാരെ നേരിടാൻ ബിജെപി പ്രവർത്തകരും ശ്രമം നടത്തിയിരുന്നു.

Share This News

0Shares
0