ഇത്തവണ റിപ്പബ്ലിക് ദിനം രാജ്യം ഏറ്റവും ഉറ്റുനോക്കുന്ന ദിനമായി മാറും. രാജ്യ തലസ്ഥാനത്ത് ഇന്ത്യയുടെ സൈനിക ശേഷിയോടൊപ്പം കർഷക പ്രക്ഷോഭത്തിൻ്റെ കരുത്തും പ്രകടമാകുന്ന ദിനം. ‘ജയ് ജവാൻ ജയ് കിസാൻ’ എന്ന മുദ്രാവാക്യം ഹൃദയത്തിലെഴുതിയ ജനതയുടെ കണ്ണുകൾ രാജ്യ തലസ്ഥാനത്തേക്ക് ഉറ്റുനോക്കുന്ന ദിനം. 53 ദിവസത്തിലേറെയായി ഡൽഹിയുടെ അതിർത്തിയിൽ തുടരുന്ന ഐതിഹാസികമായ കർഷക പ്രക്ഷോഭത്തിൻ്റെ പുതിയ അധ്യായമാകും സംയുക്ത കർഷക സമര സമിതി പ്രഖ്യാപിച്ചിരിക്കുന്ന ട്രാക്ടർ റാലി. അതിർത്തിയിലെ ബാരിക്കേഡുകൾ കടന്ന് ആയിരക്കണക്കിന് ട്രാക്ടറുകളിൽ കർഷക സമര പോരാളികൾ റാലിയായി തലസ്ഥാനത്ത് കരുത്ത് കാട്ടാനെത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. തടയാനില്ലെന്ന് കേന്ദ്രസർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള ഡൽഹി പോലീസ് സമര നേതാക്കളെ അറിയിച്ചതായാണ് സൂചന. ട്രാക്ടറുകളുടെ എണ്ണം നിയന്ത്രിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും സമര നേതാക്കൾ അംഗീകരിച്ചിട്ടില്ല. ട്രാക്ടർ റാലിയോട് എന്ത് നിലപാട് സ്വീകരിക്കണമെന്ന ആശയക്കുഴപ്പം കേന്ദ്ര സർക്കാരിന് ഇപ്പോഴും ഉണ്ടെന്നാണ് സൂചന. കർഷക നേതാക്കളുമായി കേന്ദ്ര സർക്കാർ നടത്തിയ 11-ാം വട്ട ചർച്ചയും പരാജയപ്പെട്ടിരുന്നു. കർഷക വിരുദ്ധ നിയമങ്ങൾ പൂർണമായും പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് സമര നേതൃത്വം ചർച്ചയിൽ വ്യക്തമാക്കിയത്. ട്രാക്ടർ റാലി തടയാൻ തുനിഞ്ഞാൽ നിലവിലെ പ്രക്ഷോഭം പുതിയ തലത്തിലേക്ക് നീങ്ങിയേക്കുമോ എന്ന ആശങ്കയും കേന്ദ്രത്തിനുണ്ട്.