കിഫ്ബി മുഖാന്തിരം മസാല ബോണ്ടിലൂടെ വിദേശ വായ്പയെടുത്തതിനെതിരായ സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട പ്രമേയം നിയമസഭ പാസാക്കി. മുഖ്യമന്ത്രിയാണ് സിഎജി റിപ്പോർട്ടിനെതിരെ പ്രമേയം അവതരിപ്പിച്ചത്. ഭരണഘടനാ സ്ഥാപനമായ സിഎജിയുടെ റിപ്പോർട്ട് വെട്ടിച്ചുരുക്കുന്ന പ്രമേയം പാസാക്കിയത് ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്ന് പ്രതിപക്ഷം വിമർശിച്ചു.
മസാല ബോണ്ടു വഴി വിദേശവായ്പയെടുത്തത് ഭരണഘടനാ വിരുദ്ധമാണെന്ന് പരാമർശിക്കുന്ന ഭാഗമാണ് റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കുന്നത്. നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് ഇനി പരിശോധിക്കാൻ ലഭിക്കുക ഒഴിവാക്കിയ ഭാഗം ഇല്ലാത്ത റിപ്പോർട്ടാണ്. കരട് റിപ്പോർട്ടിലില്ലാത്ത വിമർശനം അന്തിമ റിപ്പോർട്ടിൽ സിഎജി എഴുതി എഴുതിച്ചേർത്തത് നീതിയല്ലെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്തിയുടെ പ്രമേയം.
വരും ദിവസങ്ങളിൽ വലിയ നിയമ പോരാട്ടങ്ങൾക്കും രാഷ്ടീയ ചർച്ചകൾക്കും വഴിവെക്കുന്ന പ്രമേയമാണ് പാസാക്കിയിരിക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന കേന്ദ്ര സർക്കാരിനെതിരെ ടു ജി സ്പെക്ട്രം കേസ് ഇടതുപക്ഷമടക്കം ഉയർത്തിക്കൊണ്ടുവന്നത് സിഎജി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാൽ ഇപ്പോൾ സംസ്ഥാന സർക്കാരിനെതിരായ സിഎജി റിപ്പോർട്ട് ജനാധിപത്യ മര്യാദ പാലിക്കാതെ തയ്യാറാക്കിയതാണെന്നാണ് ഇടതുപക്ഷത്തിൻ്റെ നിലപാട്.